കാണാൻ ഭംഗിയുള്ള ഗ്ലാസ് സ്‌ട്രോകൾ വില്ലനാകുന്നത് എപ്പോൾ? ഉള്ളിലേക്ക് ചെന്നാൽ സർജറി വരെ വേണ്ടിവന്നേക്കാം!

പ്ലാസ്റ്റിക് സ്‌ട്രോകൾ ഒഴിവാക്കി എക്കോ ഫ്രണ്ട്ലി മാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഇന്ന് വിപണിയിൽ തരംഗമായിരിക്കുന്നത് ഗ്ലാസ് സ്‌ട്രോകളാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും കഫേകളിലും ഈ ഗ്ലാസ് സ്‌ട്രോകൾ നൽകുന്ന ഒരു ഭംഗി ഒന്ന് വേറെ തന്നെയാണ്. പ്ലാസ്റ്റിക് സ്‌ട്രോകൾ ദോഷമാണെന്നതും പേപ്പർ സ്‌ട്രോകൾ പെട്ടെന്ന് കുതിർന്നുപോകുമെന്നതും ഗ്ലാസ് സ്‌ട്രോകളുടെ പ്രിയം വർധിപ്പിച്ചു. എന്നാൽ, ഈ ഭംഗിക്കപ്പുറം ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

പ്ലാസ്റ്റിക് സ്‌ട്രോകൾ പരിസ്ഥിതിക്ക് ദോഷമായതിനാലും, പേപ്പർ സ്‌ട്രോകൾ പെട്ടെന്ന് കുതിർന്നു പോകുന്നതിനാലും പലരും ഇന്ന് തിരഞ്ഞെടുക്കുന്നത് സ്റ്റീൽ, ബാംബൂ, സിലിക്കൺ അല്ലെങ്കിൽ ഗ്ലാസ് സ്‌ട്രോകളാണ്. ഇതിൽ ഗ്ലാസ് സ്‌ട്രോകൾക്ക് പ്രത്യേക ആരാധകരുണ്ട്. സുതാര്യമായതിനാൽ ഉള്ളിലെ അഴുക്ക് കാണാമെന്നതും പാനീയത്തിന്റെ രുചി മാറ്റില്ല എന്നതും ഇതിന്റെ പ്രത്യേകതകളായി പറയപ്പെടുന്നു.

എന്താണ് അപകടസാധ്യത?

ഗ്ലാസ് സ്‌ട്രോകൾ സുരക്ഷിതമാണെന്ന് തോന്നിപ്പിക്കുമെങ്കിലും അവക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു അനുഭവം ഇതിന് തെളിവാണ്. ഒരു യുവതി വെള്ളം കുടിക്കുന്നതിനിടയിൽ ഗ്ലാസ് സ്‌ട്രോ പൊട്ടുകയും അതിന്റെ കഷ്ണം ഉള്ളിലേക്ക് പോവുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ പോലും അത് പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.

 

പ്രധാന വെല്ലുവിളികൾ

പെട്ടെന്ന് പൊട്ടാനുള്ള സാധ്യത: അബദ്ധത്തിൽ ഒന്ന് കടിച്ചാലോ, കടുപ്പമുള്ള പ്രതലത്തിൽ വീണാലോ, അല്ലെങ്കിൽ തണുത്ത പാനീയത്തിന് ശേഷം പെട്ടെന്ന് ചൂടുള്ളത് കുടിച്ചാലോ ഗ്ലാസ് സ്‌ട്രോയിൽ വിള്ളലുകൾ ഉണ്ടാകാം.

കാണാൻ കഴിയാത്ത വിള്ളലുകൾ: ഈ ചെറിയ വിള്ളലുകൾ ആദ്യ നോട്ടത്തിൽ കണ്ടെന്നു വരില്ല. ഇത് ചുണ്ടിനോ നാവിനോ വായുടെ ഉൾഭാഗത്തിനോ മുറിവേൽപ്പിക്കാൻ കാരണമാകും.

യാത്രകളിലെ അപകടം: നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഗ്ലാസ് സ്‌ട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വീഴുകയോ മറ്റോ ചെയ്താൽ ഇത് മാരകമായ പരിക്കുകൾക്ക് കാരണമായേക്കാം.

കുട്ടികൾക്കും പ്രായമായവർക്കും കൂടുതൽ അപകടം

ഗ്ലാസ് സ്‌ട്രോകൾ ഉപയോഗിക്കുന്നത് കുട്ടികൾക്കും പ്രായമായവർക്കും ഒട്ടും സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികൾ കുടിക്കുന്നതിനിടയിൽ സ്‌ട്രോ കടിക്കാനോ കളിക്കാനോ സാധ്യതയുണ്ട്. ഇത് ഗ്ലാസ് പൊട്ടി അപകടമുണ്ടാക്കാൻ ഇടയാക്കും. പ്രായമാകുമ്പോൾ കൈകളുടെ ഗ്രിപ്പ് അയയുന്നതും ബാലൻസ് തെറ്റാൻ സാധ്യതയുള്ളതും ഗ്ലാസ് സ്‌ട്രോകൾ വീണു പൊട്ടാനും പരിക്കേൽക്കാനും കാരണമാകും.

സുരക്ഷിതമായ മാർഗങ്ങൾ

സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്‌ട്രോകൾ: ഇതിന്റെ അറ്റത്ത് സിലിക്കൺ ടിപ്പുകൾ ഉള്ളവ ഉപയോഗിക്കുന്നത് പല്ലുകൾക്കും ചുണ്ടിനും സംരക്ഷണം നൽകും

സിലിക്കൺ സ്‌ട്രോകൾ: ഇവ വഴക്കമുള്ളതും കുട്ടികൾക്ക് ഉപയോഗിക്കാൻ സുരക്ഷിതവുമാണ്

ബാംബൂ (മുള) സ്‌ട്രോകൾ: തികച്ചും പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമാണ്

കടുപ്പമുള്ള പ്ലാസ്റ്റിക് സ്‌ട്രോകൾ: പലതവണ കഴുകി ഉപയോഗിക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക് സ്‌ട്രോകൾ

Tags:    
News Summary - That aesthetic glass straw? It could be a health hazard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.