അല്ലേലും ഗുപ്തന് ചായ ഊതി ഊതി കുടിക്കാനാണ് ഇഷ്ടം!

ഉറക്കം ഉണരുമ്പോൾ ഒരു ഗ്ലാസ് കടുപ്പമുള്ള ചായ കിട്ടിയാലേ പലർക്കും ഉന്മേഷം ലഭിക്കൂ. ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് നമ്മളെ ഉണർത്തുന്നത്. നമ്മുടെ തലച്ചോറിൽ ഉറക്കം ഉണർത്തുന്ന 'അഡിനോസിൻ' എന്ന രാസവസ്തുവിനെ തടഞ്ഞുനിർത്താൻ കഫീന് സാധിക്കും. ഇതോടെ മസ്തിഷ്കം കൂടുതൽ ഉണർവോടെ പ്രവർത്തിക്കാൻ തുടങ്ങുന്നു. കടുപ്പമുള്ള ചായ സ്ഥിരമായി കുടിക്കുമ്പോൾ ശരീരം അതിനോട് പൊരുത്തപ്പെടും. പിന്നീട് ചായ കിട്ടിയില്ലെങ്കിൽ തലവേദന, അമിതമായ ക്ഷീണം, ദേഷ്യം എന്നിവ അനുഭവപ്പെടാൻ തുടങ്ങും. ഇതിനെ 'കഫീൻ വിത്ത്ഡ്രോവൽ' എന്ന് വിളിക്കുന്നു. എന്നാൽ ചായ എങ്ങനെയാണ് കുടിക്കാറുള്ളത്? ഊതി ഊതിയാണോ അതോ പെട്ടെന്നാണോ കുടിക്കുന്നത്? ഊതി കുടിക്കണമെന്ന് പഠനങ്ങൾ പറയുന്നു.

ഊതി കുടിച്ചില്ലെങ്കിൽ 

1. അന്നനാളത്തിലെ കാൻസർ

സ്ഥിരമായി വളരെ ഉയർന്ന താപനിലയിലുള്ള (65°C-ന് മുകളിൽ) ചായ കുടിക്കുന്നത് അന്നനാളത്തിന്റെ ഉൾഭിത്തിയിലുള്ള കോശങ്ങൾക്ക് തകരാറുണ്ടാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒരു നിശ്ചിത താപനിലയുണ്ട്. 65°Cന് മുകളിലുള്ള ദ്രാവകങ്ങൾ അന്നനാളത്തിലൂടെ കടന്നുപോകുമ്പോൾ അത് അവിടുത്തെ കോശങ്ങളെ പൊള്ളിക്കുന്നു. പൊള്ളൽ ഏൽക്കുന്ന കോശങ്ങളെ ശരീരം വീണ്ടും നിർമിക്കാൻ ശ്രമിക്കും. എന്നാൽ സ്ഥിരമായി ഇങ്ങനെ പൊള്ളൽ ഏറ്റുകൊണ്ടിരുന്നാൽ കോശങ്ങൾ അമിതമായി വിഭജിക്കപ്പെടുകയും ആ പ്രക്രിയയിൽ ജനിതക വ്യതിയാനങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഇതാണ് പിന്നീട് കാൻസറായി മാറുന്നത്.

2. വായയിലെയും തൊണ്ടയിലെയും പൊള്ളൽ

നമ്മുടെ വായയുടെ ഉൾഭാഗം എത്രത്തോളം സെൻസിറ്റീവ് ആണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. വായക്കുള്ളിലെ ചർമം വളരെ മൃദുവാണ്. അമിത ചൂട് തട്ടുമ്പോൾ നാവിലെ രുചി മുകുളങ്ങൾ നശിക്കാൻ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിന്റെ രുചി അറിയാനുള്ള കഴിവ് താൽക്കാലികമായി കുറക്കും. കൂടാതെ തൊണ്ടയിൽ വീക്കം അല്ലെങ്കിൽ വ്രണങ്ങൾ ഉണ്ടാകാനും കാരണമാകും. നാവിന്റെ ഉപരിതലത്തിലുള്ള ചെറിയ തടിപ്പുകൾ ചൂട് മൂലം വീർക്കുകയും ചുവന്നു തുടുക്കുകയും ചെയ്യാം. ഇത് നാവിലുടനീളം ഒരു തരം തരിപ്പും അസ്വസ്ഥതയും ഉണ്ടാക്കും.

3. ദഹനപ്രശ്നങ്ങൾ

അമിതമായ ചൂട് വയറ്റിലെ ആസിഡ് ഉൽപ്പാദനത്തെ ബാധിച്ചേക്കാം. ഇത് ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് അസ്വസ്ഥത വർധിപ്പിക്കാൻ കാരണമാകും. വയറിന്റെ ഉൾഭിത്തിയിലെ ആവരണത്തിനുണ്ടാകുന്ന വീക്കമാണ് ഗ്യാസ്ട്രൈറ്റിസ്. കടുപ്പമുള്ളതും ചൂടുള്ളതുമായ പാനീയങ്ങൾ വയറ്റിലെ ഗ്യാസ്ട്രിക് ആസിഡിന്റെ ഉൽപ്പാദനം പെട്ടെന്ന് വർധിപ്പിക്കും. ഇത് നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയിലേക്ക് നയിക്കുന്നു. രാവിലെ വെറും വയറ്റിൽ അമിത ചൂടോടെ കടുപ്പമുള്ള ചായ കുടിക്കുമ്പോൾ, വയറ്റിൽ ആഹാരം ഇല്ലാത്തതിനാൽ ആസിഡ് നേരിട്ട് വയറിന്റെ ഭിത്തിയിൽ ആഘാതം ഉണ്ടാക്കുന്നു. ഇത് കാലക്രമേണ അൾസറിലേക്ക് വരെ നയിക്കാൻ കാരണമായേക്കാം.

4. പല്ലുകളുടെ എനാമലിന് നാശം

പല്ലിന്റെ ഏറ്റവും പുറമെയുള്ള കടുപ്പമേറിയ പാളിയായ എനാമൽ ശരീരത്തിലെ ഏറ്റവും ശക്തമായ ഭാഗമാണെങ്കിലും താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ അതിന് ദോഷം ചെയ്യും. ചൂടുള്ള പാനീയങ്ങൾ കുടിച്ച ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് പല്ലുകളിൽ ചെറിയ വിള്ളലുകൾ ഉണ്ടാകാനും സെൻസിറ്റിവിറ്റി കൂടാനും കാരണമാകും. ചൂടുള്ള പാനീയങ്ങൾ കുടിച്ച ശേഷം ചുരുങ്ങിയത് 10-15 മിനിറ്റ് എങ്കിലും കഴിഞ്ഞിട്ട് മാത്രം തണുത്ത വെള്ളമോ ഭക്ഷണമോ കഴിക്കുന്നതാണ് നല്ലത്.

5. പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്നു

ചായയിലുള്ള 'ടാനിൻ' എന്ന ഘടകം ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയാൻ സാധ്യതയുണ്ട്. ചായ അമിതമായി ചൂടോടെയും വലിയ അളവിലും കുടിക്കുമ്പോൾ ഈ പ്രശ്നം വർധിക്കുന്നു. ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോഴോ അല്ലെങ്കിൽ അമിത ചൂടിൽ കുടിക്കുമ്പോഴോ ടാനിന്റെ അംശം വർധിക്കുന്നു. ഇത് ആഗിരണത്തെ കൂടുതൽ തടസ്സപ്പെടുത്തും. ദിവസം പലതവണ കടുപ്പമുള്ള ചായ കുടിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് ഗണ്യമായി കുറക്കാൻ കാരണമാകും.

Tags:    
News Summary - Is it better to drink tea by blowing it?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.