പ്രതീകാത്മക ചിത്രം

ഈ വിറ്റാമിനുകൾ കുറഞ്ഞാൽ ഉറക്കവും കുറയും!

നന്നായി ഉറങ്ങാൻ സാധിക്കാത്തത് എപ്പോഴും സ്ട്രെസ്സ് കൊണ്ടോ മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടോ ആകണമെന്നില്ല. പലപ്പോഴും നമ്മുടെ ശരീരത്തിലെ പോഷകങ്ങളുടെ കുറവാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിനും നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിനും ചില വിറ്റാമിനുകൾ അത്യാവശ്യമാണ്.

വിറ്റാമിൻ B6: മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന സെറോടോണിൻ നിർമിക്കാൻ B6 ആവശ്യമാണ്. ഇതിന്റെ കുറവ് കടുത്ത ഉത്കണ്ഠക്കും അനാവശ്യമായ സ്വപ്നങ്ങൾക്കും ഉറക്കക്കുറവിനും കാരണമാകും. നേന്ത്രപ്പഴം, കടല വർഗ്ഗങ്ങൾ, ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ, കോഴിയിറച്ചി, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ വിറ്റാമിൻ B6 അടങ്ങിയ ചില പ്രധാന ഭക്ഷണങ്ങളാണ്.

ഫോളേറ്റ്: ഉറക്കത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളെ ഇത് സഹായിക്കുന്നു. ഫോളേറ്റിന്റെ കുറവ് മൂലം രാത്രിയിൽ ഇടക്കിടെ ഉറക്കം തടസ്സപ്പെടാനും കാലുകളിൽ അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്. പച്ചനിറത്തിലുള്ള ഇലക്കറികൾ, ചീര, മുരിങ്ങയില എന്നിവയിൽ ഫോളേറ്റ് ധാരാളമുണ്ട്. ബ്രോക്കോളി, പയർ വർഗ്ഗങ്ങൾ, നിലക്കടല, സിട്രസ് പഴങ്ങൾ, അവക്കാഡോ എന്നിവയിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.

മഗ്നീഷ്യം: പേശികൾക്ക് അയവ് നൽകാനും നാഡീവ്യൂഹത്തെ ശാന്തമാക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇതിന്റെ കുറവ് രാത്രിയിലുണ്ടാകുന്ന മസിൽ വേദനക്കും പേടിക്കും കാരണമാകും. നന്നായി ഉറങ്ങാനും പേശികൾക്ക് ആശ്വാസം നൽകാനും മത്തങ്ങ വിത്ത്, ബദാം, കശുവണ്ടി, പച്ചനിറത്തിലുള്ള ഇലക്കറികൾ, നേന്ത്രപ്പഴം, കടല, പരിപ്പ്, വൻപയർ, ഡാർക്ക് ചോക്ലേറ്റ്, തവിട് കളയാത്ത അരി ഇവയിലൊക്കെ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ: നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ നിയന്ത്രിക്കാൻ ഇത് ആവശ്യമാണ്. വിറ്റാമിൻ എ കുറഞ്ഞാൽ ഗാഢനിദ്ര ലഭിക്കാൻ പ്രയാസമായിരിക്കും. വിറ്റാമിൻ എ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളിൽ ഓറഞ്ച്, മഞ്ഞ നിറമുള്ള പച്ചക്കറികളായ കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, ചുവന്ന കാപ്സിക്കം എന്നിവയും, കടും പച്ച ഇലക്കറികളായ ചീര, ഉലുവ, മാങ്ങ, പപ്പായ, തണ്ണിമത്തൻ, പേരക്ക, മുട്ട, പാൽ, കരൾ (ലിവർ), ചീസ്‌, മീൻ, ബീഫ് എന്നിവയും ഉൾപ്പെടുന്നു.

വിറ്റാമിൻ B12: നാഡികളുടെ പ്രവർത്തനത്തെയും മെലറ്റോണിനെയും ഇത് നിയന്ത്രിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവർക്ക് B12 കുറയാൻ സാധ്യത കൂടുതലാണ്. ഇത് ഉറക്കമില്ലായ്മക്കും കൃത്യമല്ലാത്ത ഉറക്ക രീതികൾക്കും കാരണമാകുന്നു. വിറ്റാമിൻ B12 പ്രധാനമായും മാംസം, മത്സ്യം, മുട്ട, പാൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്നു.

വിറ്റാമിൻ ഡി: സൂര്യപ്രകാശം കുറഞ്ഞ അളവിൽ ഏൽക്കുന്നവരിൽ വിറ്റാമിൻ ഡി കുറയാൻ സാധ്യതയുണ്ട്. ഇത് പകൽ സമയത്ത് അമിതമായ തളർച്ചക്കും രാത്രിയിൽ അസ്വസ്ഥമായ ഉറക്കത്തിനും കാരണമാകും. സാൽമൺ, അയല, ട്രൗട്ട്, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ്.

വിറ്റാമിൻ ഇ: ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. വിറ്റാമിൻ ഇ കുറയുന്നത് പ്രായമായവരിൽ ഉറക്കമില്ലായ്മക്കും അസ്വസ്ഥതക്കും കാരണമാകാറുണ്ട്. ബദാം, സൂര്യകാന്തി വിത്തുകൾ, നിലക്കടല തുടങ്ങിയ പരിപ്പുകളും വിത്തുകളും, ഒലിവ് ഓയിൽ പോലുള്ള സസ്യ എണ്ണകൾ, ചീര, ബ്രോക്കോളി പോലുള്ള ഇലക്കറികൾ, പപ്പായ, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. 

Tags:    
News Summary - These are the vitamins that help you sleep!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.