തിരക്കേറിയ ജീവിതശൈലിയും മാനസിക സമ്മർദ്ദവും ഇന്ന് പലരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ദിവസത്തിലെ ചില പ്രത്യേക സമയങ്ങൾ മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നൽകുന്നുണ്ട്.സൂര്യോദയത്തിന് ശേഷവും സൂര്യാസ്തമയത്തിന് മുൻപുമുളള ‘ഗോൾഡൻ അവർ’ എന്നറിയപ്പെടുന്ന സമയങ്ങൾ മാനസികാരോഗ്യത്തിനും ആന്തരിക സമതുലിതാവസ്ഥയ്ക്കും ഏറെ ഗുണകരമാണെന്നാണ് പഠനങ്ങളും ആരോഗ്യ നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത്.
ഈ സമയങ്ങളിൽ സൂര്യപ്രകാശം മൃദുവായതിനാൽ കണ്ണുകൾക്കും നാഡീമണ്ഡലത്തിനും സമ്മർദ്ദം കുറവായിരിക്കും. ഇതുമൂലം ശരീരത്തിൽ സ്വാഭാവികമായ ശാന്തത അനുഭവപ്പെടുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഗോൾഡൻ അവർ സമയത്ത് തലച്ചോറിന്റെ പ്രവർത്തനം ആൽഫ, ബീറ്റ തരംഗങ്ങളിലേക്കാണ് മാറുന്നത്. ഇത് സാധാരണയായി ഉത്കണ്ഠ കുറക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും മാനസിക ക്ഷീണം കുറക്കുകയും ചെയ്യുന്നു.മാനസിക സമ്മർദ്ദം, ഉത്കണ്ഠ , ഉറക്കപ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഗോൾഡൻ അവർ സമയത്ത് ധ്യാനം, ശ്വാസ വ്യായാമങ്ങൾ, പോസിറ്റീവ് ചിന്തകൾ എന്നിവ പരിശീലിക്കുന്നതിലൂടെ ഹോർമോൺ ബാലൻസ് മെച്ചപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കോർട്ടിസോൾ പോലുള്ള ‘സ്ട്രെസ് ഹോർമോണുകളുടെ’ അളവ് കുറയുകയും മനസിന് ശാന്തത നൽകുന്ന സെറോട്ടോണിൻ വർധിക്കാനും സഹായകമാകുന്നു.
ഗോൾഡൻ അവർ ആരോഗ്യത്തിനുള്ള ഒരു മരുന്നല്ലെങ്കിലും ദിവസേന ഈ സമയങ്ങളിൽ കുറച്ചുനേരം മനസ്സിനെ ശാന്തമാക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനും സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.