യുവാക്കളെ പിടികൂടി സ്ട്രോക്ക്; ഇന്ത്യയിൽ ഏഴിലൊന്ന് രോഗികളും 45 വയസ്സിന് താഴെയുള്ളവർ -ഐ.സി.എം.ആർ റിപ്പോർട്ട്

സ്ട്രോക്ക് അഥവാ പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). ഇന്ത്യയിലെ പക്ഷാഘാത രോഗികളിൽ ഏഴിലൊരാൾ 18നും 44നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഐ.സി.എം.ആറിന്റെ ഏറ്റവും പുതിയ വിശകലനം വെളിപ്പെടുത്തുന്നു. മുപ്പത്തിനാലായിരത്തിലധികം രോഗികളിൽ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങൾ കണ്ടെത്തിയത്. ഇന്ത്യയിൽ മരണകാരണങ്ങളിൽ നാലാം സ്ഥാനത്തും, വൈകല്യമുണ്ടാക്കുന്ന കാരണങ്ങളിൽ അഞ്ചാം സ്ഥാനത്തുമാണ് ഇപ്പോൾ സ്ട്രോക്ക്.

യുവജനങ്ങളിൽ സ്ട്രോക്ക് കൂടാൻ കാരണമെന്ത്?

പഠനമനുസരിച്ച് 13.8% സ്ട്രോക്ക് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 18 മുതൽ 44 വയസ്സ് വരെയുള്ളവരിലാണ്. 75 ശതമാനം കേസുകളിലും പ്രധാന വില്ലൻ രക്തസമ്മർദമാണ്. പ്രമേഹം, അമിതമായ മദ്യപാനം, പുകയില ഉപയോഗം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു. ജോലിസ്ഥലത്തെ സമ്മർദം, വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണരീതി എന്നിവ യുവാക്കളെ രോഗികളാക്കുന്നു. പുരുഷന്മാരിൽ പുകവലിയും മദ്യപാനവുമാണ് വില്ലനെങ്കിൽ, സ്ത്രീകളിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് സ്ട്രോക്കിന് കാരണമാകുന്നത്.

'ഗോൾഡൻ അവർ' പ്രധാനമാണ്

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാലുള്ള ആദ്യ 60 മിനിറ്റുകളെയാണ് 'ഗോൾഡൻ അവർ' എന്ന് വിളിക്കുന്നത്. ഈ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാൽ മസ്തിഷ്ക മരണം ഒഴിവാക്കാം. എന്നാൽ ഇന്ത്യയിൽ അഞ്ചിൽ രണ്ട് രോഗികളും ലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തുന്നത്. ഇത് മരണത്തിലേക്കോ ആജീവനാന്ത വൈകല്യത്തിലേക്കോ നയിക്കുന്നു.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

മുഖത്തോ കൈകാലുകളിലോ അനുഭവപ്പെടുന്ന തളർച്ച അല്ലെങ്കിൽ മരവിപ്പ്, സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ വാക്കുകൾ കുഴഞ്ഞുപോവുകയോ ചെയ്യുക, കാഴ്ച മങ്ങുക, ബാലൻസ് നഷ്ടപ്പെടുകയോ തലകറക്കം അനുഭവപ്പെടുകയോ ചെയ്യുക, കാരണമില്ലാത്ത കഠിനമായ തലവേദന എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.

രോഗസാധ്യത എങ്ങനെ കുറക്കാം?

പലപ്പോഴും സ്ട്രോക്ക് മുൻകൂട്ടി തടയാനാകുന്ന ഒന്നാണ്. രക്തസമ്മർദവും പ്രമേഹവും കൃത്യമായി പരിശോധിക്കുക. പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക. നിത്യവും വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുക. മതിയായ ഉറക്കവും മാനസിക സമ്മർദം കുറക്കാനുള്ള വഴികളും തേടുക.

Tags:    
News Summary - 1 In 7 Indian Stroke Patients Between Ages 18-44: ICMR Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.