മഴക്കാലമാണ്, മണ്‍സൂണ്‍ ബ്ലൂസിനെ അകറ്റാന്‍ ഈ ഡയറ്റ് ശീലമാക്കാം

വേനല്‍ക്കാലത്തിന്‍റെ പൊള്ളുന്ന ഉഷ്ണത്തിന് മേല്‍ വര്‍ഷപാതത്തിന്‍റെ കുളിരുമായാണ് ഓരോ മഴക്കാലവുമെത്തുന്നത്. പ്രകൃതിയിലുണ്ടാകുന്ന ഈ ഭാവമാറ്റം നമ്മുടെയെല്ലാം മനസ്സിലും ശരീരത്തിലും ചില മാറ്റങ്ങളുണ്ടാക്കും. നല്ല മഴയുള്ള സമയത്ത് ഒരു കപ്പ് കാപ്പിയും ചുടൂള്ള പലഹാരവും കഴിച്ച് വീട്ടില്‍ വെറുതേയിരിക്കുവാനായിരിക്കും നമ്മളില്‍ ഏറെപ്പേര്‍ക്കുമിഷ്ടം. അല്ലെങ്കില്‍ സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് മഴയില്‍ നനഞ്ഞ് ഒരു ചെറുയാത്ര ഒപ്പം വഴിയോരത്തൊരു തട്ടുകടയില്‍ നിന്നും ചായയും ചൂട് ഭക്ഷണവും....എന്നാല്‍ മഴക്കാലത്ത് നാം ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ ദഹനവ്യവസ്ഥ പൊതുവേ മന്ദഗതിയിലാകുന്ന സമയം കൂടിയാണിത്. ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയായതിനാല്‍ ഭക്ഷണത്തിലൂടെയുണ്ടാകാനിടയുള്ള അസുഖങ്ങള്‍ക്കും സാധ്യതകളേറെ. ഇക്കാരണങ്ങളാല്‍ത്തന്നെ മഴക്കാലത്ത് നാം എന്തു കഴിക്കുന്നു എന്നത് വളരെ സുപ്രധാനമായ കാര്യമാണ്.

മഴക്കാലം അതിന്‍റെ എല്ലാ ഭംഗിയിലും ആസ്വദിക്കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളിയാകാത്ത രീതിയില്‍ ഏതൊക്കെ ഭക്ഷണം കഴിക്കാം, എന്തൊക്കെ ശ്രദ്ധിക്കാം എന്നത് നമുക്കൊന്ന് നോക്കാം.

 

മണ്‍സൂണ്‍ സമയത്ത് എന്തൊക്കെ കഴിക്കാം?

കട്ടിയുള്ള പുറംതോലുള്ള ഫലവര്‍ഗങ്ങള്‍

ആപ്പിള്‍, സബര്‍ജില്ലി, പഴം തുടങ്ങിയവ തെരഞ്ഞെടുക്കാം. ഇത്തരം ഫലവര്‍ഗങ്ങള്‍ മലിനപ്പെടാന്‍ സാധ്യത കുറവും, വൃത്തിയാക്കുവാന്‍ എളുപ്പവുമാണ്. കടകളില്‍ നേരത്തെ കഷണങ്ങളായി മുറിച്ച് വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ഫലങ്ങള്‍ വാങ്ങി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

ഹെര്‍ബല്‍ ടീ ശീലമാക്കാം

തണുത്ത പാനീയങ്ങള്‍ക്ക് പകരം, ഇഞ്ചി, തുളസി അല്ലെങ്കില്‍ കറുവപ്പട്ട ചേര്‍ത്ത ചുടൂള്ള ഹെര്‍ബല്‍ ടീ ദിവസവും ശീലമാക്കാം. ഇത് തൊണ്ടയിലെ അസ്വസ്ഥതകള്‍ മാറ്റുക മാത്രമല്ല, ഒപ്പം നമ്മുടെ ദഹനവും പ്രതിരോധശക്തിയും മെച്ചപ്പെടുത്തുവാനും സഹായിക്കും.

നന്നായി പാകം ചെയ്ത പച്ചക്കറികള്‍ മാത്രം കഴിക്കുക

നന്നായി പാകം ചെയ്യുന്നതിലൂടെ അപകടകാരികളായ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുവാന്‍ സാധിക്കും. കാരറ്റ്, ബീന്‍സ്, വെണ്ട, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികള്‍ എല്ലാം നന്നായി വേവിച്ച് മാത്രം കഴിക്കാം. വേവിക്കാത്ത പച്ചക്കറികള്‍ ചേര്‍ത്തുള്ള സാലഡുകള്‍, ഇലവര്‍ഗ്ഗങ്ങള്‍ എന്നിവ ഒഴിവാക്കണം. ഇനി ഉപയോഗിക്കുകയാണെങ്കില്‍ത്തന്നെ നന്നായി വൃത്തിയാക്കി, പാകം ചെയ്ത് മാത്രം കഴിക്കാം.

മുഴുധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ഓട്‌സ്, തവിട് കളയാത്ത അരി, ബാര്‍ലി, മില്ലെറ്റ്‌സ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ഫൈബറും ശരീരത്തിന് ആവശ്യമായ ഊര്‍ജവും പ്രദാനം ചെയ്യുന്നു. അതോടൊപ്പം ശരിയായ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

സൂപ്പുകളും സ്റ്റ്യൂകളും കഴിക്കാം

ഇവ ശരീരത്തിന് ഏറെ സുഖകരവും, ധാരാളം ജലാംശമടങ്ങിയതുമായ ഭക്ഷണാണ്. ലഭ്യമായിട്ടുള്ള പച്ചക്കറികളും നേരിയ അളവില്‍ മസാലയും ചേര്‍ത്താല്‍ രുചികരവും ആരോഗ്യകരവുമായ സൂപ്പുകള്‍ നമുക്ക് മഴക്കാലത്ത് ആസ്വദിക്കാം.

കുടിവെള്ളം സൂക്ഷിക്കാം

ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാം. ഇളം ചൂട് വെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. കരിക്കിന്‍ വെള്ളവും ശരീരത്തിന് ഗുണകരമാണ്.

 

ഏതൊക്കെ ഭക്ഷണം ഒഴിവാക്കാം

ഇല വര്‍ഗ്ഗങ്ങള്‍

ചീര, ലറ്റിയൂസ്, മല്ലിയില തുടങ്ങി പൂര്‍ണമായും വേവിച്ച് ഉപയോഗിക്കാത്ത ഇലവര്‍ഗ്ഗങ്ങളില്‍ ബാക്ടീരിയയും കീടങ്ങളും ഉണ്ടാകുവാനുള്ള സാധ്യത മഴക്കാലത്ത് ഏറെയാണ്. നന്നായി വേവിച്ച് മാത്രം കഴിക്കാം.

സ്ട്രീറ്റ് ഫുഡുകളും എണ്ണയില്‍ വറുത്ത പലഹാരങ്ങളും

സ്ട്രീറ്റ് ഫുഡുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് അഭികാര്യം. മലിനമായ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.

ശരിയായി പാകം ചെയ്തിട്ടില്ലാത്ത മാംസവും മത്സ്യവും

മത്സ്യവും മാംസവും നന്നായി പാകം ചെയ്ത് മാത്രം കഴിക്കാം, പ്രത്യേകിച്ച് മഴക്കാലത്ത്.

ശീതളപാനീയങ്ങളും പുറത്തുനിന്നുമുള്ള ജ്യൂസുകളും മഴക്കാലത്ത് പരിമിതപ്പെടുത്താം. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം ആവശ്യത്തിന് കുടിക്കാന്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഒരു ഉണര്‍വ് തോന്നുന്നില്ല എങ്കില്‍ അത് ചിലപ്പോള്‍ മണ്‍സൂണ്‍ ബ്ലൂസിന്റെ ലക്ഷണമാകാം. താഴെ പറയുന്ന പോഷകങ്ങളുടെ അപര്യാപ്തതയാവാം കാരണം.

വൈറ്റമിന്‍ ഡി

സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവും കുറയും. പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക, ബ്ലഡ് പരിശോധിക്കുമ്പോൾ വിറ്റാമിൻ ഡി കുറവാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റ്‌സ് ഉപയോഗിക്കുക. സാധ്യമെങ്കില്‍ രാവിലെ പത്തരയ്ക്കും ഉച്ചതിരിഞ്ഞ് 3 മണിക്കുമിടയിലായി 20 മിനിറ്റ് വെയിൽ കൊള്ളുന്നത് നല്ലതാണ്.

മഗ്നീഷ്യം

മഴക്കാലത്ത് മനസ്സിത്തിരി ഉണര്‍വ്വില്ലാതെയായേക്കാം. നട്‌സ്, സീഡ്‌സ്, മുഴുധാന്യങ്ങള്‍ എന്നിവ ശരീരത്തില്‍ ആവശ്യത്തിന് മഗ്നീഷ്യം ലഭ്യമാക്കുവാന്‍ സഹായിക്കും. ഇത് സമ്മര്‍ദത്തെ അകറ്റും.

വെറ്റമിന്‍ ബി കോംപ്ലെക്‌സ്

മനസ്സും ശരീരവും ഊര്‍ജ്ജസ്വലതയോടെയിരിക്കുവാന്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സ് സഹായിക്കും. മുഴുധാന്യങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പ്രൊബയോട്ടിക്കുകള്‍

തൈര്, മോര്, പുളിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ വയറിന് നല്ലതാണ്. ഇവ ദഹനക്കേട് ഒഴിവാക്കുകയും ഒപ്പം പ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഈ മഴക്കാലത്ത് ഇവ ശ്രദ്ധിക്കാം

തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാം

ബാക്കി വന്ന തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത്. എപ്പോഴും ചൂടോട് കൂടി മാത്രം ഭക്ഷണം കഴിക്കാം.

ആവശ്യമായ വെള്ളം കുടിക്കുക

മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, ജീരകം തുടങ്ങിയവ നന്നായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ദഹനത്തിന് സഹായിക്കും.

ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കുക

ഭൂമിക്ക് പുതുജീവന്‍ നല്‍കുവാനുള്ള പ്രകൃതിയുടെ മാര്‍ഗമാണ് മഴക്കാലം, അത് നമ്മുടെ ശരീരത്തിനെ പുതുക്കുവാനുള്ള അവസരം കൂടിയാവട്ടെ. ശരിയായ ഭക്ഷണ ശീലത്തിലൂടെ ആരോഗ്യകരമായി നമുക്കീ മഴക്കാലം പിന്നിടാം. അപ്പോ എങ്ങനെയാ, ഒരു തുളസിച്ചായയോ, ഒരു കപ്പ് സൂപ്പോ എടുത്ത് ഓരോ സിപ്പിനൊപ്പവും ഈ തകര്‍ത്ത് പെയ്യുന്ന മഴ ആസ്വദിക്കുവല്ലേ....

 

Tags:    
News Summary - It's the rainy season, adopt this diet to ward off monsoon blues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.