പ്രമേഹ രോഗികളറിയാൻ: പ്രാതൽ ഒഴിവാക്കല്ലേ

തുടർച്ചയായി പ്രാതൽ ഉപേക്ഷിച്ചാൽ എന്തു സംഭവിക്കും? ചോദ്യം പ്രമേഹരോഗികളോടാണ്. പ്രമേഹ രോഗികൾ അവരുടെ ദിനചര്യകളുടെ ഭാഗമായി ചിലപ്പോൾ രാവിലെ എണീറ്റ് നടക്കാൻ പോകും; അല്ലെങ്കിൽ ഫാസ്റ്റിങ്ങിൽ രക്ത പരിശോധനക്ക് പുറത്തുപോയെന്നും വരും. ഈ ഘട്ടങ്ങളിലെല്ലാം ​പ്രാതൽ നഷ്ടപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന ഡയറ്റീഷ്യനും പ്രമേഹരോഗ ബോധവത്കരണ പരിപാടികളിൽ സജീവമായി ഇടപെടുന്നയാളുമായ ഡോ. കനിക്ക മൽഹോത്ര വലിയ മുന്നറിയിപ്പുകളാണ് ഇക്കാര്യത്തിൽ നൽകുന്നത്.

പ്രാതൽ കഴിച്ചില്ലെങ്കിൽ അത് ചിലപ്പോൾ വൈകുന്നേരങ്ങളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കാൻ (ഹൈപ്പർ ഗ്ലൈസീമിയ) കാരണമാകും. എങ്ങനെയെന്നല്ലെ? പ്രാതൽ ഒഴിവാക്കുക എന്നാൽ തുടർച്ചയായി 12 മണിക്കൂർ ഭക്ഷണം വർജിക്കുക എന്നുകൂടിയാണ് അർഥം. സ്വാഭാവികമായും പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഇത്, തുടർച്ചയായി സംഭവിച്ചാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണം സാധ്യമാകാതെ വരും.

ശരീരത്തിൽ ആവശ്യത്തിനും ഫലപ്രദമായും ഇൻസുലിൻ ഉപയോഗിക്കാനുള്ള കഴിവ് നഷ്ടപ്പെടാനും പ്രാതൽ ഒഴിവാക്കുന്നതിലൂടെ കാരണമാകും. ഇത് പ്രമേഹ അനുബന്ധ രോഗങ്ങൾക്കും ഇടവരുത്തും.

തുടർച്ചയായി പ്രാതൽ ഉപേക്ഷിക്കുന്നത് വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് മൽഹോത്ര പറയുന്നു.

പ്രാതൽ ബഹിഷ്കരണം ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ, എത്ര തന്നെ തിരക്കായാലും പ്രാതൽ കഴിക്കൂ; ആരോഗ്യം സംരക്ഷിക്കൂ.

Tags:    
News Summary - Diabetic patients should know: Don't skip breakfast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.