ചർമസംരക്ഷണത്തിന് ചാർക്കോൾ മാസ്ക് ദിവസവും ഉപയോഗിക്കാറു​ണ്ടോ? ദോഷങ്ങൾ അറിഞ്ഞിരിക്കാം

ചർമ സംരക്ഷണത്തിൽ ട്രെന്റായ ഒന്നാണ് ചാർക്കോൾ മാസ്ക്. ചർമത്തിലെ അഴുക്കുകൾ, അധിക എണ്ണ, കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്യാനും ചർമത്തിന് തിളക്കം നൽകാനും സഹായിക്കുന്ന ഫലപ്രദമായ മാർഗ്ഗമാണ് ഇത്. വിവിധ തരം ചർമത്തിന് അനുയോജ്യമായ രീതിയിൽ ചാർക്കോൾ മാസ്കുകൾ ലഭ്യമാണ്. എന്നാൽ ഇവയുടെ നിരന്തര ഉപയോഗം ചർമത്തെ ദോഷമായി ബാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഇവ അമിതമായി ഉപയോഗിക്കുന്നത് ചർമം വരണ്ടതാക്കാനും ചർമത്തിലെ സംരക്ഷണ പാളികൾക്ക് കേടു വരുത്താനും ഇടയാക്കും.

  • ചർമത്തിലെ അഴുക്കുകളെ വലിച്ചെടുക്കുന്നതോടൊപ്പം ഇവ ചർമത്തിന് ആവശ്യമായ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. ഇത് ചർമം വരണ്ടതാക്കാനും വലിഞ്ഞുമുറുകിയതായി അനുഭവപ്പെടാനും കാരണമാകും.
  • ചർമത്തിലെ സംരക്ഷണ പാളികൾക്കും ഇത്തരം മാസ്കുകൾ ദോഷം ചെയ്യും. പീൽ ഓഫ് മാസ്കുകൾ പൊളിച്ചു മാറ്റുമ്പോൾ ചർമത്തിന്റെ പുറത്തുള്ള പാളിയായ ‘സ്ട്രാറ്റം കോർണിയം’ ഇളകിപ്പോകാൻ കാരണമാവും. കൂടാതെ ആരോഗ്യകരമായ ചർമകോശങ്ങളെയും മുഖത്തെ നേർത്ത രോമങ്ങളെയും ഇത് ബാധിക്കും. ഇത് ചർമത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി ദുർബലപ്പെടുത്തും.
  • ഉണങ്ങിയ ശേഷം മാസ്കുകൾ പറിച്ചു കളയുന്നത് ചർമത്തിൽ വേദനയുണ്ടാക്കും. സെൻസിറ്റീവ് ചർമമുള്ളവരിൽ ചുവപ്പ്, തടിപ്പ്, വീക്കം എന്നിവക്ക് കാരണമാകും. അതുകൊണ്ട് മുഖക്കുരു, എക്സിമ തുടങ്ങിയ ചർമപ്രശ്നമുള്ളവർ ചാർക്കോൾ മാസ്കുകൾ ഒഴിവാക്കുന്നതാണ് ഉചിതം.
  • അമിതമായ തൊലി ഉരിഞ്ഞുപോകൽ കാരണം ചില സന്ദർഭങ്ങളിൽ ഗുരുതരമായ ചർമപ്രശ്നങ്ങൾ, പാടുകൾ, അണുബാധ എന്നിവ രൂപപ്പെടാൻ സാധ്യതയുണ്ട്.
  • ചില ഉൽപന്നത്തിലെ രാസവസ്തുക്കൾ, സുഗന്ധങ്ങൾ, നിറങ്ങൾ എന്നിവ അലർജിക്ക് കാരണമായേക്കാം.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാച്ച് ടെസ്റ്റ്: മാസ്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കൈമുട്ടിന് താഴെയോ ചെവിക്ക് പിന്നിലോ ആയി പുരട്ടി 24 മണിക്കൂർ കാത്തിരിക്കുക. ചൊറിച്ചിലോ ചുവപ്പോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മുഖത്ത് പുരട്ടുക.

കൃത്യമായ ഇടവേള: ആഴ്ചയിൽ ഒന്നോ രണ്ടോ തവണയേ മാസ്ക് ഉപയോഗിക്കാവൂ. അമിത ഉപയോഗം ചർമത്തിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കും.

സെൻസിറ്റീവ് ഭാഗം ഒഴിവാക്കുക: ചർമത്തിലെ സെൻസിറ്റീവ് ഭാഗങ്ങളായ പുരികം, ചുണ്ട്, കണ്ണ്, കണ്ണിന് ചുറ്റുമുള്ള ചർമം എന്നിവിടങ്ങളിൽ മാസ്ക് പുരട്ടരുത്.

സമയം: 15 മുതൽ 20 മിനിറ്റ് വരെയാണ് മാസ്കുകൾ വെക്കേണ്ടത്. അതിൽ കൂടുതൽ സമയം വെക്കുന്നത് ചർമത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കാരണമാകും.

പറിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കണം: പീൽ ഓഫ് മാസ്കുകൾ പറിച്ചെടുക്കുമ്പോൾ താഴെ നിന്ന് മുകളിലേക്ക് സാവധാനം അടർത്തിയെടുക്കുക. വല്ലാതെ വലിച്ചു പറിക്കുന്നത് ചർമത്തിന്റെ സംരക്ഷണ പാളിയിൽ കേടുവരുത്തും.

ക്ലിയര്‍ സ്‌കിന്നാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ചാര്‍ക്കോള്‍ മാസ്‌ക്ക് പോലെ ചര്‍മത്തെ ബാധിക്കുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. പകരം സാലിസിലിക്ക്, ഗ്ലൈക്കോളിക്ക്, ലാക്ടിക്ക് ആസിഡ് എന്നിവ ഉപയോഗിക്കാം. 

Tags:    
News Summary - Charcoal peel off masks look effective, but doctors say they may be harming your skin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.