മനുഷ്യശരീരത്തിലെ സ്വാഭാവികമായ ഒരു ജൈവപ്രക്രിയയാണ് മുടിയിലെ നര. മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളുടെ പ്രവർത്തനം പ്രായം കൂടുന്തോറും മന്ദഗതിയിലാകുകയും ക്രമേണ നിലക്കുകയും ചെയ്യുന്നത് കൊണ്ടാണ് നര കാണപ്പെടുന്നത്.
എന്നാൽ പതിവിലും അധികമായി തലയിൽ കാണപ്പെടുന്ന നര വെറും പ്രശ്നമല്ലെന്നും കാൻസറിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണെന്നുമുള്ള പഠനവുമായി ജപ്പാൻ. നരച്ചമുടിയുടെ കോശങ്ങള്‍ ഒരു ജൈവ കവചമായി പ്രവര്‍ത്തിക്കുന്നു എന്നാണ് പഠനങ്ങൾ വാദിക്കുന്നത്.
ചർമകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ മാരകമായ കാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുടികൾ നരച്ചതായി മാറുമെന്നാണ് ജാപ്പനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. കോശങ്ങൾ പ്രായമാകുകയും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ശരീരം കാൻസറിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിന്റെ നല്ല സൂചനയായിരിക്കാം ഇതെന്നും പഠനങ്ങൾ പറയുന്നുണ്ട്.
നേച്ചർ ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ കാരണം നമ്മുടെ കോശങ്ങള്‍ പതിവായി ജെനോടോക്‌സിക് ഇന്‍സള്‍ട്ട് അല്ലെങ്കില്‍ ഡി.എന്‍.എ കേടുപാടുകള്‍ക്ക് വിധേയമാകുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നുണ്ട്. ഇതനുസരിച്ച് കോശങ്ങള്‍ പ്രായമാകുന്നതിനും കാന്‍സറിന്റെ വികാസത്തിനും കാരണമാകും.
മുടിയുടെ പിഗ്മെന്റിന് കാരണമായ മെലനോയിഡ് സ്റ്റെം സെല്ലുകള്‍ സ്വയം ഒരു ജൈവകവചമായി പ്രവര്‍ത്തിക്കുമെന്നും ട്യൂമര്‍ തടയാനായി പിഗ്മെന്റ് കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും കാന്‍സറിനെ തടയുകയും ചെയ്യുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.
ചര്‍മത്തിന്റെയും മുടിയുടെയും നിറത്തിനും കാരണമാകുന്ന പിഗ്മെന്റായ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക ചര്‍മ കോശങ്ങളായ മെലനോസൈറ്റുകളില്‍ നിന്നാണ് പ്രധാനമായും ചര്‍മത്തില്‍ കാണപ്പെടുന്ന മെലനോമ ഉണ്ടാകുന്നത്. ഈ പ്രത്യേക കാന്‍സറിലേക്കാണ് പുതിയ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് പഠനം പൂർത്തിയാക്കിയത്. ഡി.എൻ.എയുടെ ഇരട്ട ഹെലിക്‌സിലെ രണ്ട് സ്‌ട്രാന്റുകളും വേർപ്പെടുത്തുന്ന ഡബിൾ സ്‌ട്രാൻന്‍റ് ബ്രേക്ക് എന്നറിയപ്പെടുന്ന കേടുപാടുകൾ സംഭവിക്കുകയും ഇതിന്റെ ഫലമായി എലികളുടെ മുടി നരക്കുകയും ചെയ്തു. അതുകൊണ്ടാണ് മുടിയുടെ നിറം അൽപ്പം നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്ന് പഠനങ്ങൾ പറയുന്നത്.
ഇതിനർഥം നരച്ച മുടി കാൻസർ സാധ്യതക്കെതിരായ ഒരു പ്രതിരോധമാണോ? ഗവേഷകരുടെ അഭിപ്രായത്തിൽ അങ്ങനെയല്ല. സെനോ ഡിഫറൻഷ്യേഷന്റെ ഫലമായിട്ടാണ് മുടി നരക്കുന്നത്. ഇത് അപകടകരമായ കോശങ്ങളെ ഇല്ലാതാക്കി ശരീരത്തിലെ ജനിതക ഘടകത്തോട് പ്രതികരിക്കാൻ സഹായിക്കുന്ന ഒരു സംരക്ഷണ പാത മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.