ആരോഗ്യരംഗത്ത് ചെലവഴിക്കുന്നതിൽ ഇന്ത്യ നേപ്പാളിനും ഭൂട്ടാനും പിന്നിൽ

ന്യൂ ഡൽഹി: ഇന്ത്യ ആരോഗ്യ സംരക്ഷണത്തിനായി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 3.3 ശതമാനം മാത്രമാണ് ചെലവഴിക്കുന്നതെന്ന് റിപ്പോർട്ട്. പട്ടികയിൽ ഇന്ത്യക്ക് പിന്നിലുള്ളത് തീവ്ര രാഷ്ട്രീയ- സാമ്പത്തിക അസ്ഥിരത നേരിടുന്ന പാകിസ്താനും ബംഗ്ലാദേശും മാത്രം. ഗവൺമെന്റിന്‍റെ ആരോഗ്യ ചെലവ് മാത്രം കണക്കാക്കുമ്പോൾ ഈ സംഖ്യ 1.84 ശതമാനമായി കുറയുന്നു.

അയൽ രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും ആരോഗ്യസംരക്ഷണ വിഷയത്തിൽ നമ്മളേക്കാൾ മുന്നിലാണ്. 2021 മുതൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ, ജി.ഡി.പിയുടെ 23.09 ശതമാനം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ജി.ഡി.പി കുറവുള്ള അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങൾ ചെറിയ തുക ആരോഗ്യരംഗത്ത് ചെലവഴിക്കുമ്പോൾ പോലും ശതമാനക്കണക്കിൽ അത് വലിയ സംഖ്യയായി തോന്നും എന്ന വസ്തുതയും മനസിലാക്കേണ്ടതാണ്.

നേപ്പാൾ അവരുടെ ജി.ഡി.പിയുടെ 6.66 ശതമാനം ആരോഗ്യ സംരക്ഷണത്തിനായി നീക്കിവയ്ക്കുന്നു. ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ് എന്നിവയും ഈ കാര്യത്തിൽ ഇന്ത്യയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ഇന്ത്യയുടെ ദുർബലമായ ആരോഗ്യ സംവിധാനം, സ്ഥിരമായി ഉയർന്ന ചികിത്സാ ചെലവുകൾ എന്നിവയ്ക്കുള്ള ഏറ്റവും അടിസ്ഥാന കാരണങ്ങളിലൊന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ സംരക്ഷണത്തിലെ പൊതു നിക്ഷേപത്തിന്റെ കുറവാണ്.

രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട കോവിഡ്-19 മഹാമാരിയുടെ കടന്നുവരവും സമ്പദ്‌വ്യവസ്ഥയെ നിരന്തരം പിടിച്ചുലക്കുന്ന കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വർധനവുമുണ്ടായിട്ടും ആരോഗ്യരംഗത്തെ സർക്കാർ നിക്ഷേപത്തിൽ കാതലായ മാറ്റമൊന്നും ഉണ്ടായില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പഠിച്ച പാഠങ്ങളൊക്കെ അതിവേഗത്തിൽ മറന്നു.

ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയുമായി താരതമ്യപ്പെടുത്താവുന്ന ഏക രാജ്യമായ ചൈന ജി.ഡി.പിയുടെ 5.37 ശതമാനം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ആഗോളതലത്തിൽ ഈ വ്യത്യാസം കൂടുതൽ വ്യക്തമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏകദേശം 16.5 ശതമാനം ചെലവഴിക്കുമ്പോൾ യുണൈറ്റഡ് കിംഗ്ഡം ഏകദേശം 10.5 ശതമാനം നീക്കിവയ്ക്കുന്നു. ലോകമെമ്പാടും ആരോഗ്യ ചെലവ് 2021 ൽ ആഗോള ജി.ഡി.പിയുടെ 10.3 ശതമാനത്തിലെത്തി.

ഈ ദീർഘകാല നിക്ഷേപക്കുറവ് വീടുകളിൽ പ്രകടമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഡോക്ടർമാരുടെ സന്ദർശനം, മരുന്നുകൾ, രോഗനിർണയ പരിശോധനകൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി വ്യക്തികൾ നേരിട്ട് നൽകുന്ന തുകകളിൽ കുറവ് വന്നെങ്കിലും ഇപ്പോഴും ഇതിനായുള്ള ചെലവ് ആശങ്കാജനകമായി ഉയർന്നതാണ്. ഒടുവിൽ പുറത്തിറങ്ങിയ 2021–22ലെ ലോക ബാങ്കിന്‍റെ കണക്കുകൾ പ്രകാരം അത്തരം ചെലവ് മൊത്തം ആരോഗ്യ ചെലവിന്റെ 39.4 ശതമാനമാണ്.

ബജറ്റിലെ അവഗണന അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ ലഭ്യതയെ ഗുരുതരമായി ദുർബലപ്പെടുത്തുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അവികസിത പൊതു സൗകര്യങ്ങളും ജീവനക്കാരുടെ കുറവും മരുന്നിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ദീർഘകാല അഭാവവും ഇതിന്‍റെ പ്രതിഫലനങ്ങളാണ്.

പീപ്പിൾസ് ഹെൽത്ത് മൂവ്‌മെന്റിന്റെ ഇന്ത്യാ വിഭാഗം ഈ മാസം പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ പരിമിതമായ വിഹിതങ്ങൾക്കുള്ളിൽ പോലും, പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുപകരം സ്വകാര്യമേഖല പങ്കാളിത്തത്തിനും ഇൻഷുറൻസ് അധിഷ്ഠിത മാതൃകകൾക്കുമാണ് അധികൃതർ നയപരമായ മുൻഗണനകൾ നൽകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രൊഫഷണലുകളുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുള്ള തുടർച്ചയായ ഫണ്ടിംഗ് കുറവും സ്വകാര്യ മേഖലയുടെ ദ്രുതഗതിയിലുള്ള വികാസവും ഗാർഹിക ആരോഗ്യ സംരക്ഷണ ചെലവുകൾ കുത്തനെ ഉയർത്തിയതായി ചൂണ്ടിക്കാട്ടുന്നു.

ഇതിന്‍റെ അനന്തരഫലങ്ങൾ വളരെ ഗുരുതരമാണ്. ആരോഗ്യ സംരക്ഷണത്തിനായി കുടുംബങ്ങൾ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വഹിക്കുന്നതിനാൽ, മെഡിക്കൽ ചെലവുകൾ കാരണം മാത്രം 55 ദശലക്ഷത്തിലധികം ഇന്ത്യക്കാർ എല്ലാ വർഷവും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു.

രാജ്യത്തുടനീളം പ്രാഥമിക ആരോഗ്യ സംരക്ഷണം ഗണ്യമായി ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. കെ. ശ്രീനാഥ് റെഡ്ഡി പറയുന്നു.

Tags:    
News Summary - India's health spending: Less than Bhutan, Nepal, Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.