കാൻസർ പലപ്പോഴും തുടക്കത്തിൽ തന്നെ ശക്തമായ വേദനയോ പ്രത്യക്ഷ ലക്ഷണങ്ങളോ കാണിക്കാറില്ല. നിസാരമായി കാണുന്ന ലക്ഷണങ്ങൾ കാൻസറിന്‍റേതാകാമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. അത്തരം കാൻസർ ലക്ഷണങ്ങൾ സമ്മർദ്ദത്തിന്‍റെയോ പ്രായത്തിന്‍റെയോ ഒക്കെ ആണെന്ന് കരുതി അവഗണിക്കും. അതുകൊണ്ട് തന്നെ പല കാൻസറുകളും അതിന്‍റെ അവസാന ഘട്ടത്തിലാണ് തിരിച്ചറിയുക. അത്തരത്തിലുള്ള ചില ലക്ഷണങ്ങൾ നോക്കാം.
ശരീര ഭാരം കുറയൽ
ഡയറ്റ്, വ്യായാമം, ഇതൊന്നുമില്ലാതെ ശരീര ഭാരം കുറയുന്നത് കാൻസറുൾപ്പെടെയുള്ള രോഗങ്ങളുടെ ലക്ഷണമാകാം. മതിയായ വിശ്രമം നൽകിയിട്ടും തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കാൻസറാകാം. കൃത്യമായ കാരണമില്ലാതെ ആഴ്ചകൾ നീളുന്ന ക്ഷീണം കാണുന്നുവെങ്കിൽ ഉറപ്പായും മെഡിക്കൽ പരിശോധന നടത്തണം.
മുഴകൾ
കഴുത്ത്, ഞരമ്പ്, സ്തനങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന മുഴകൾ, തടിപ്പ് എന്നിവ നിസ്സാരമായി കണ്ട് അവഗണിക്കാതിരിക്കുക. വേദനയില്ലാതെ വരുന്ന മുഴകൾ അപകടകാരികളായേക്കും.
മലമൂത്ര വിസർജനത്തിലുണ്ടാകുന്ന മാറ്റം
നീണ്ടു നിൽക്കുന്ന മല ബന്ധം, വയറിളക്കം, മൂത്രത്തിലെ മാറ്റങ്ങൾ ദഹന സംബന്ധമോ മൂത്ര സഞ്ചിയിലെ പ്രശ്നമാണെന്നോ ആണ് പലരും കരുതാറ്. ഇതും എത്രയും വേഗം പരിശോധനക്ക് വിധേയമാക്കേണ്ട ഒന്നാണ്.
തൊണ്ടയടപ്പ്
തുടർച്ചയായ ചുമ, ശബ്ദമടപ്പ്, ഭക്ഷണം വിഴുങ്ങുന്നതിലുള്ള ബുദ്ധിമുട്ട് ഇവയൊക്കെ പലപ്പോഴും അലർജിയെന്നോ ഇൻഫെക്ഷനെന്നോ കണ്ട് അവഗണിക്കുകയാണ് പതിവ്. എന്നാൽ കാൻസറിനും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.
ഉണങ്ങാത്ത മുറിവ്
ത്വക്കിലോ, വായിലോ ഏറെ നാൾ നീണ്ട് നിൽക്കുന്ന വൃണങ്ങൾ, മുറിവ് എന്നിവ ഗൗരവത്തോടെ തന്നെ കാണണം. ആർത്തവ ചക്രങ്ങൾക്കിടയിലെ രക്ത സ്രാവം, കഫത്തിൽ രക്തം, ശരീരത്തിലേതെങ്കിലും ഭാഗത്ത് തുടർച്ചയായ രക്തസ്രാവം ഇവയൊക്കെ ഉണ്ടായാൽ നിസാരമായി തള്ളിക്കളയാൻ പാടില്ല.
മറുക്
ശരീരത്തിലെ മറുകുകൾ, അടയാളങ്ങൾ, അവയുടെ വലിപ്പത്തിലോ നിറത്തിലോ ഒക്കെയുണ്ടാകുന്ന മാറ്റങ്ങൾ ഇവയൊക്കെ ഗൗരവത്തോടെ നോക്കിക്കാണണം.
ഇപ്പറഞ്ഞ ലക്ഷണങ്ങൾ കാൻസറിന്‍റേത് തന്നെയാകണമെന്ന് നിർബന്ധമില്ല. എന്നാൽ ഗൗരവത്തോടെ കണ്ട് പരിശോധനകൾ നടത്തി കാൻസറല്ലെന്ന് ഉറപ്പ് വരുത്താൻ ശ്രമിക്കുന്നതാണ് മികച്ച തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.