പാൻക്രിയാറ്റിക് കാൻസർ എന്നത് ആമാശയത്തിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ കോശങ്ങളിൽ ആരംഭിക്കുന്ന അർബുദമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് ദഹനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയെ സഹായിക്കുന്ന എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ കണ്ടെത്താൻ പ്രയാസമായ ഈ കാൻസർ വയറുവേദന, മഞ്ഞപ്പിത്തം, കാരണങ്ങളില്ലാത്ത ഭാരനഷ്ടം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളിലൂടെ പ്രകടമാകാം. വയറുവേദന, നടുവേദന, മഞ്ഞപ്പിത്തം, കാരണങ്ങളില്ലാത്ത ഭാരനഷ്ടം, പോഷകാഹാരക്കുറവ്, അസ്ഥികളിൽ ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ.
പ്രായമായവരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂടുതലാണ്. പുകവലി ഈ കാൻസറിന്‍റെ ഒരു പ്രധാന അപകട ഘടകമാണ്. പൊണ്ണത്തടി പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ പ്രമേഹം ഉള്ളവരിലും അപകടസാധ്യതയുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗമുണ്ടെങ്കിലും സാധ്യത കൂടുതലാണ്. പാൻക്രിയാസിന്റെ ദീർഘകാല വീക്കവും ചില രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും പാൻക്രിയാറ്റിക് കാൻസറിന് കാരണമാകാം. തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നത് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾ ഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടു നിൽക്കുന്നതുമായ വേദന വരാം.
പല കാരണങ്ങൾ കൊണ്ടും ക്ഷീണവും തളർച്ചയും ഉണ്ടാകാം. എന്നാൽ മറ്റ് ലക്ഷണങ്ങൾക്കൊപ്പം ക്ഷീണവും ഉണ്ടായാൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. നന്നായി വിശ്രമിച്ചിട്ടും, രാത്രി സുഖമായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം, വയറുവേദന, മൂത്രത്തിന് കടുത്ത നിറം ഇതെല്ലാമുണ്ടെങ്കിൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. ഭക്ഷണശീലങ്ങളിലും വർക്കൗട്ടിലും മാറ്റം വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം. കാൻസര്‍ വളരുംതോറും ശരീരത്തിലെ ഊർജം കൂടുതൽ ഉപയോഗിക്കുകയും ഇത് ഭാരം കുറയാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ ട്യൂമർ, വയറിൽ പ്രഷർ ചെലുത്തുക വഴി വയറു നിറഞ്ഞ തോന്നൽ ഉണ്ടാകുകയും കുറച്ചു ഭക്ഷണം മാത്രം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യും. പാൻക്രിയാസ് ശരിയായി പ്രവർത്തിക്കാതാകുമ്പോൾ ദഹനരസങ്ങളുടെ ഉൽപാദനവും നിലക്കും.
ഇലക്കറികൾ, കാരറ്റ്, ബെറികൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ളവ, മുഴുവൻ ധാന്യങ്ങൾ (ഓട്‌സ്, തവിട് നീക്കാത്ത അരി, ഹോൾ വീറ്റ് ബ്രെഡ്), കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ (മത്സ്യം, പയറുവർഗങ്ങൾ, മുട്ടയുടെ വെള്ള, കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ) ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ, അവോക്കാഡോ, പരിപ്പ്) എന്നിവ കഴിക്കാവുന്നതാണ്.
അമിത കൊഴുപ്പുള്ള ഭക്ഷണങ്ങൾ (വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പേറിയ മാംസങ്ങൾ (ബീഫ്, പോർക്ക്, ക്രീം ചേർത്ത സോസുകൾ, വെണ്ണ), സംസ്കരിച്ച മാംസങ്ങൾ (ബേക്കൺ, സോസേജുകൾ, മറ്റ് സംസ്കരിച്ച ഇറച്ചികൾ), മധുര പലഹാരങ്ങൾ (കേക്കുകൾ, കുക്കികൾ, മിഠായികൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, മൈദ കൊണ്ടുള്ള ഭക്ഷണങ്ങൾ), മദ്യം, എരിവും അസിഡിറ്റി ഉള്ളതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.
പാൻക്രിയാറ്റിക് കാൻസർ ഉള്ളവർക്ക് ഭക്ഷണം കഴിക്കുമ്പോഴും ദഹിപ്പിക്കുമ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. നിലവിലെ ആരോഗ്യസ്ഥിതി, ചികിത്സാരീതി, പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം എന്നിവ അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനാൽ കൃത്യമായ ഉപദേശത്തിനായി ഉടൻ ഒരു ഡോക്ടറുമായോ ക്ലിനിക്കൽ ഡയറ്റീഷ്യനുമായോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.