പി.സി.ഒ.ഡി (PCOD - Polycystic Ovarian Disease) എന്നത് ഇന്നത്തെ കാലത്ത് ഒരുപാട് സ്ത്രീകൾ നേരിടുന്ന ഹോർമോൺ വ്യതിയാന പ്രശ്നമാണ്. പി.സി.ഒ.ഡി സ്ത്രീകളുടെ അണ്ഡാശയങ്ങളിൽ നിരവധി ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്ന ഒരു ഹോർമോൺ അവസ്ഥയാണ്. ഇത് ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, വന്ധ്യത എന്നിവക്ക് കാരണമാകാം. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ആൻഡ്രോജൻ (പുരുഷ ഹോർമോൺ) വർധിക്കുന്നതിനാലും ഇൻസുലിൻ പ്രതിരോധം മൂലവും ഉണ്ടാകുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ഇത് ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും.
ഭക്ഷണം നിയന്ത്രിക്കുക എന്നതിലുപരി ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നതാണ് പി.സി.ഒ.ഡി മാനേജ്‌മെന്റിൽ പ്രധാനം.തവിടുള്ള അരി, ചപ്പാത്തി, ഓട്സ്, മുട്ടയുടെ വെള്ള, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക.പഞ്ചസാര, മൈദ വിഭവങ്ങൾ (പൊറോട്ട, വെള്ള ബ്രെഡ്), ജങ്ക് ഫുഡ്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. ഇൻസുലിൻ പ്രതിരോധം കുറക്കാൻ രാവിലെ കറുവാപ്പട്ട ഇട്ട ചായയോ വെള്ളമോ കുടിക്കുന്നത് ഗുണകരമാണ്.
ശരീരഭാരം 5-10 ശതമാനം വരെ കുറക്കുന്നത് ഹോർമോൺ നില മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും 30-45 മിനിറ്റ് വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ എന്നിവ ചെയ്യുന്നത് നല്ലതാണ്. ഹോർമോൺ ബാലൻസിനും സ്ട്രെസ് കുറക്കാനും യോഗ ശീലിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
ഹോർമോൺ ക്രമീകരണത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമാണ്. രാത്രി 10 മണിക്ക് മുൻപായി ഉറങ്ങാൻ ശ്രമിക്കുക. ദിവസവും 7-8 മണിക്കൂർ തുടർച്ചയായ ഉറക്കം ഉറപ്പാക്കുക. ഉച്ചയുറക്കം ഒഴിവാക്കുന്നത് ഹോർമോൺ നില കൃത്യമാക്കാൻ സഹായിക്കും.
മാനസിക സമ്മർദം ആൻഡ്രോജൻ ഹോർമോണുകൾ വർധിപ്പിക്കാൻ കാരണമാകും. അതിനാൽ മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.