ദുബൈ: ഗതാഗതക്കുരുക്ക് എന്ന വാക്ക് ദുബൈയുടെ നിഘണ്ടുവിലില്ലെന്ന് ഉറപ്പാക്കാൻ റോഡ് ഗതാഗത അതോറിറ്റിയുടെ വൈവിധ്യമാർന്ന ശ്രമങ്ങൾ തുടരുന്നു. ഇതിെൻറ ഭാഗമായി ബിസിനസ് ബേയിലെ സമാന്തര റോഡ് നവീകരണത്തിെൻറ രണ്ടാം ഘട്ടം പൂർത്തിയാക്കി ജൂൺ എട്ടിന് ഗതാഗതത്തിന് തുറന്നു കൊടുക്കും. മെയ്ദാൻ-ഫിനാൻഷ്യൽ സ്ട്രീറ്റ് എന്നിവക്കിടയിലെ സമാന്തര റോഡുകളുടെ പടിഞ്ഞാറു വശത്തെ നവീകരണമാണ് പൂർത്തിയായത്.
മൂന്നു വരിയുണ്ടായിരുന്ന റോഡുകൾ ഇരുവശത്തേക്കും നാലുവരിയാക്കി വീതികൂട്ടി വികസിപ്പിച്ചു. ഇരുവശത്തേക്കും സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്. ശൈഖ് സായിദ് റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. മണിക്കൂറിൽ ഇരു വശത്തേക്കും 20000 വീതം വാഹനങ്ങൾക്ക് കടന്നുപോകാനാകും വിധമാണ് റോഡുകൾ വികസിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ശൈഖ് സായിദ് റോഡിൽ നിന്ന് അൽഖൈൽ സ്ട്രീറ്റിലേക്ക് രണ്ടര മിനിറ്റുകൊണ്ട് ഒാടിയെത്താനാവും. നിലവിലേതിനേക്കാൾ ഏതാണ്ട് പത്ത് മിനിറ്റ് മുൻപ്.
അൽ സആദ ബുർജ് ഖലീഫ ബൊലീവാർഡ് സ്ട്രീറ്റുകളുടെ ഇൻറർസെക്ഷനിൽ 240 മീറ്റർ ഫ്ലൈഒാവർ, അൽ സആദ ബിസിനസ് ബേ സ്ട്രീറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന 535 നീളമുളള അടിപ്പാത, അൽ സആദ സ്ട്രീറ്റിൽ നിന്ന് ദുബൈ കനാലിനു മുകളിലൂടെ അര കിലോമീറ്റർ നീളുമുള്ള പാലം എന്നിവയും രണ്ടാം ഘട്ട പദ്ധതിയിൽ ഉൾക്കൊള്ളുന്നു.
മെയ്ദാൻ-ഫസ്റ്റ് അൽഖൈൽ സ്ട്രീറ്റ് ഇൻറർ സെക്ഷനുകളെ ബന്ധിപ്പിച്ച് 420 മീറ്റർ നീളമുള്ള പാലം,ദുബൈ കുതിരാലയത്തിലേക്ക് കുതിരകളെ കൊണ്ടുപോകുന്നതിന് അടിപ്പാതയും തുരങ്കവും എന്നിവയും നിർമിക്കുന്നുണ്ട്. ഫിനാൻഷ്യൽ സെൻററിനും മെയ്ദാൻ സ്ട്രീറ്റിനും ഇടയിൽ ഗതാഗതം എളുപ്പമാക്കാൻ ഇൗ പദ്ധതി സഹായകമാകുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.