കാർഗോ കപ്പലിൽനിന്ന്
പരിക്കേറ്റ യുവാവിനെ
രക്ഷപ്പെടുത്തുന്ന നാഷനൽ റസ്ക്യൂ സെന്റർ
ദുബൈ: ചരക്കു കപ്പലിൽ വെച്ച് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ യു.എ.ഇയുടെ ദേശീയ ദുരന്ത നിവാരണ ദൗത്യസംഘം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. യു.എ.ഇയുടെ സമുദ്രാതിർത്തിയിലെത്തിയ കപ്പലിൽ നിന്നാണ് ഏഷ്യൻ വംശജനായ 24കാരനെ രക്ഷപ്പെടുത്തിയത്.
ഇദ്ദേഹത്തെ ഉടൻ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാ പ്രവർത്തനത്തിന്റെ വിഡിയോ അധികൃതർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ചരക്കു കപ്പലിൽനിന്ന് സഹായാഭ്യർഥന ലഭിച്ച ഉടൻ റസ്ക്യൂ സെന്റർ ടീം മെഡിക്കൽ സൗകര്യങ്ങളുള്ള ഹെലികോപ്ടറുമായി പുറപ്പെട്ടു. കപ്പലിന് മുകളിലെത്തിയ കോപ്ടറിൽനിന്ന് രക്ഷാപ്രവർത്തകൻ റോപ്പിലൂടെ താഴേക്കിറങ്ങിയശേഷം സ്ട്രെച്ചറിൽ കിടത്തിയ പരിക്കേറ്റയാളെ മുകളിലേക്ക് ഉയർത്തി.
ശേഷം രക്ഷാ പ്രവർത്തകനും അതേ റോപ്പിൽ തിരിച്ച് ഹെലികോപ്ടറിലേക്ക് കയറി. ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ്.അതേസമയം, എങ്ങനെയാണ് യുവാവിന് പരിക്കേറ്റതെന്ന് വ്യക്തമല്ല. യുവാവിന്റെ കൂടുതൽ വിവരങ്ങളും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.