അപൂർവ സ്റ്റാമ്പ്​ ശേഖരവുമായി ഇംത്യാസ്​ ഖുറേഷി

അപൂർവ സ്റ്റാമ്പ്​ ശേഖരത്തിലൂടെ യു.എ.ഇക്ക്​ ആദ​രമൊരുക്കി മലയാളി

ദുബൈ: യു.എ.ഇ ദേശീയ പതാക ആലേഖനം ചെയ്ത 100ലധികം അപൂർവ സ്റ്റാമ്പുകളുടെ പ്രദർശനമൊരുക്കി ‘പ്രൗഡഎ​​ യു.എ.ഇ’ കാമ്പയിന്​ ഐക്യാർഢ്യവുമായി മലയാളി ഫിലാറ്റലിസ്റ്റ്​. കാസർഗോഡ്​ ചെറങ്ങായി സ്വദേശിയും ദുബൈയിൽ പ്രവാസിയുമായ ഇംത്യാസ്​ ഖുറേഷിയാണ്​ വേറിട്ട രീതിയിൽ യു.എ.ഇക്ക്​ പിന്തുണയർപ്പിച്ച്​ ​ശ്രദ്ധേയനായത്​​.

യു.എ.ഇ ഇറക്കിയ സ്റ്റാമ്പുകൾ കൂടാതെ ഇന്ത്യ, പാകിസ്താൻ, കസാകിസ്താൻ, യുനൈറ്റഡ്​ നാഷൻസ്​, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​, അൽജീരിയ, ഇറാഖ്​ എന്നീ രാജ്യങ്ങൾ യു.എ​.​ഇക്ക്​ ആദരമർപ്പിച്ച്​ പല സന്ദർഭങ്ങളിലായി ഇറക്കിയ അപൂർവ സ്റ്റാമ്പുകളാണ്​ പ്രദർശനത്തിനെത്തിച്ചത്​. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ശേഖരിച്ചവയാണ്​ ഈ അപൂർവ സ്റ്റാമ്പുകൾ എന്ന്​ ഇംത്യാസ്​ ഖുറേഷി പറഞ്ഞു. ഓരോ സ്റ്റാമ്പും രാജ്യത്തിന്‍റെ ഓരോ നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്​. മാതൃ രാജ്യമല്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രവാസികൾക്ക്​ യു.എ.ഇ നൽകുന്ന പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്​​. ഈ രാജ്യം തന്‍റേത്​ കൂടിയാണെന്ന​ ബോധ്യത്തിലാണ്​​ വിത്യസ്തമായ രീതിയിൽ ഈ നാടിന്​ ആദരമർപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അജ്​മാനിലെ ലൂബ്രിക്കൻസ്​ നിർമാണ വിതരണ കമ്പനി ഡയറക്ടറായ ഇദ്ദേഹം രണ്ട്​ പതിറ്റാണ്ടായി പ്രവാസിയാണ്​.

12ാം വയസ്സിൽ ഉപ്പുപ്പ സി.എച്ച്​ അബ്​ദുല്ല സ്റ്റാമ്പ്​ ആൽബം സമ്മാനമായി നൽകിയതോടെ തുടങ്ങിയതാണ്​​ ഫിലാറ്റലിയിലെ അദ്ദേഹത്തിന്‍റെ യാത്ര. മാതാപിതാക്കളായ പ്രഫ. സി.എച്ച്​ അഹമ്മദ്​ ഹു​സൈനും ഫരീനയും മികച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള​ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും അത്യപൂർവ ശേഖരത്തിനുടമയായ ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി നടന്ന നിരവധി മത്സരങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിട്ടുണ്ട്​. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്​.

എമിറേറ്റ്​സ്​ ഫിലാറ്റലിക്​ അസോസിയേഷൻ (ഇ.പി.എ), കേരള പ്രവാസി ഫിലാറ്റലിക്​ ആൻഡ്​ ന്യൂമിസ്മാറ്റിക്​ അസോസിയേഷൻ (കെ.പി.പി.എൻ.എ) എന്നിവയിൽ അംഗം കൂടിയാണിദ്ദേഹം​. ഐ.ടി എക്സിക്യുട്ടീവും ക്രോഷെ കലാകാരിയുമായ ഗസ്നയാണ്​ ഭാര്യ. ഇഷാൻ, അയാൻ, ഇമാൻ എന്നിവർ മക്കളാണ്​. യു.എ.ഇക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിച്ചതോടെ രാജ്യത്തിന് ഐക്യദാർഢ്യം അർപ്പിച്ച്​ രാജ്യവ്യാപകമായി പതാക ഉയർത്താൻ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആഹ്വാനം ചെയ്തിരുന്നു.

Tags:    
News Summary - Malayali pays tribute to UAE with rare stamp collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.