ദുബൈ: ബൈ കൊക്കക്കോള അരീനയിൽ നടക്കുന്ന വേൾഡ് ടെന്നിസ് ലീഗിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിന് തോൽവി. 12ാം റാങ്കുകാരൻ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് ദ്യോകോവിച്ചിനെ തോൽപിച്ചത്. സ്കോർ: 3-6, 4-6. ഫാൽക്കൺസിനായിറങ്ങിയ ദ്യോകോവിച്ചിന്റെ തോൽവിയോടെ ടീം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജയത്തോടെ ഹോക്സ് ഒന്നാം സ്ഥാനത്തെത്തി. കൈറ്റ്സ് രണ്ടാമതും ഈഗിൾസ് മൂന്നാമതുമുണ്ട്.
വനിത സിംഗ്ൾസിലും ഫാൽക്കൺസിനെ ഹോക്സ് പരാജയപ്പെടുത്തി. അറൈന സബലങ്കയും എലേന റിബക്കിനയും തമ്മിലായിരുന്നു മത്സരം. 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കിയ ഫാൽക്കൻ അടുത്ത രണ്ടു സെറ്റുകളിലും (0-6, 6-10) തോൽവിയറിയുകയായിരുന്നു. അതേസമയം, മിക്സഡ് ഡബ്ൾസിൽ ഫാൽക്കൺ വിജയം നേടി. ഗ്രിഗർ ദിമിത്രോവ്-പൗള ബദോസ സഖ്യം 5-7, 6-3, 10-4 എന്ന സ്കോറിന് ഡൊമിനിക് തീം-അനസ്തേഷ്യ സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു.
ആറു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ നാലു ടീമുകളായി തിരിഞ്ഞാണ് താരങ്ങൾ ഏറ്റുമുട്ടുന്നത്. ഡി.ജെ ഉൾപ്പെടെയുള്ള സംഗീതനിശകളുടെ അകമ്പടിയോടെയാണ് സൂപ്പർ പോരാട്ടം നടക്കുന്നത്. ഡിസംബർ 24നാണ് ഫൈനൽ. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് സ്വന്തമാക്കുന്ന ടീമുകൾ ഫൈനലിലെത്തും.
റൗണ്ട് റോബിൻ മാതൃകയിൽ എല്ലാ ടീമുകളും തമ്മിൽ ഏറ്റുമുട്ടും. 21 തവണ ഗ്രാൻഡ്സ്ലാം നേടിയ ദ്യോകോവിച്ചിനു പുറമെ വനിത ലോക ഒന്നാം നമ്പർ താരം ഐഗ സ്വൈയ്റ്റക്, വിംബ്ൾഡൺ ഫൈനലിസ്റ്റ് നിക് കിർഗിയോസ്, മുൻ ലോക രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവ്, സാനിയ മിർസ, രോഹൻ ബൊപ്പണ്ണ തുടങ്ങിയവർ കളത്തിലിറങ്ങുന്നുണ്ട്. ദ കൈറ്റ്സ്, ഹോക്സ്, ഫാൽക്കൺസ്, ഈഗിൾസ് എന്നീ ടീമുകളാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.