ദുബൈ: റിയൽ എസ്റ്റേറ്റിൽ കുതിപ്പ് നടത്തുന്ന ദുബൈയിൽ വനിത സാന്നിധ്യം വർധിക്കുന്നു. 2021നെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലെ വനിത നിക്ഷേപം 50 ശതമാനത്തിലേറെ ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ദുബൈ ലാൻഡ് ഡിപാർട്ട്മെന്‍റാണ് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം 26,698 നിക്ഷേപങ്ങളാണ് സ്ത്രീകൾ റിയൽ എസ്റ്റേറ്റിൽ നടത്തിയത്.
2021നെ അപേക്ഷിച്ച് 50.8 ശതമാനം കൂടുതലാണിത്. സാമ്പത്തിക മേഖലയിൽ വനിത ശാക്തീകരണത്തിന് ദുബൈ നൽകുന്ന പിന്തുണയാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 2033ൽ ദുബൈയുടെ സാമ്പത്തിക മേഖല ഇരട്ടിയായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന് വനിതകളുടെ സംഭാവന കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് കൈപിടിച്ചുയർത്താനാവശ്യമായ പ്രോത്സാഹനങ്ങൾ അധികൃതർ നൽകുന്നുണ്ട്.
മുൻകാലങ്ങളിൽ സ്ത്രീകൾ അത്ര ശ്രദ്ധകേന്ദ്രീകരിക്കാത്ത മേഖലയായിരുന്നു റിയൽ എസ്റ്റേറ്റ്. പുരുഷകേന്ദ്രീകൃതായിരുന്നു ഇതുവരെ ഈ മേഖല. എന്നാൽ, കഴിഞ്ഞ വർഷങ്ങളായി ഈ മേഖലയിൽ സ്ത്രീകൾ വൻ തോതിൽ കടന്നുവരുന്നുണ്ട്. ഓരോ വർഷവും റിയൽ എസ്റ്റേറ്റ് മേഖലയിൽ വർധനവുണ്ടാകുമ്പോൾ അതിൽ വനിതകളുടെ പങ്കും നിസ്തുലമാണ്. കേവലം നിക്ഷേപത്തിൽ ഒതുങ്ങുന്നതല്ല വനിതകളുടെ പങ്കാളിത്തം. ഡവലപ്പേഴ്സ്, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, ജീവനക്കാർ തുടങ്ങിയവരിലെല്ലാം വനിത പ്രാധിനിത്യം പ്രകടമാണ്.
പോയവർഷം ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. വാർഷിക റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 50 ട്രില്യൺ ദിർഹമായി ഉയർന്നിരുന്നു. 2022ൽ 1,22,658 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. 528 ശതകോടി ദിർഹം മൂല്യം വരും ഈ ഇടപാടുകൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.