പുതിയ സർക്കാറിൽ പ്രതീക്ഷയോടെ...

ദുബൈ: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, പ്രവാസി മലയാളി സമൂഹം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളിൽ സത്വരവും ഗുണപരവുമായ ഇടപെടലുകൾ വേണമെന്ന ആവശ്യവുമായി ഗൾഫിലെ പ്രമുഖ പ്രവാസി സംഘടനാ നേതാക്കളും സാംസ്കാരിക പ്രവർത്തകരും. നോർക്ക റൂട്ട്‌സിന്റെ ഘടനാപരമായ അഴിച്ചുപണി, അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വർധന തടയൽ, തൊഴിൽ നഷ്ടമായി മടങ്ങുന്നവരുടെ പുനരധിവാസം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സ്ഥിരം സംവിധാനം തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലോകം പുതിയ സർക്കാറിന് മുന്നിൽ പ്രധാനമായും വെക്കുന്നത്. മുൻ സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയഭേദമെന്യേ തുടരുമെന്നും കേന്ദ്ര സർക്കാറിൽ ആവശ്യമായ സമ്മർദം ചെലുത്താൻ പുതിയ ഭരണകൂടത്തിന് സാധിക്കുമെന്നും പ്രവാസി നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസി ക്ഷേമം ദേശീയ ബാധ്യതയായി കാണണം ​



നോർക്ക റൂട്ട്‌സിനെ വെറുമൊരു സർക്കാർ സ്ഥാപനമാക്കി മാറ്റാതെ, ഗൾഫ് മലയാളികൾക്ക് കൃത്യമായ സേവനം ലഭ്യമാകുന്ന രീതിയിൽ ഘടനാപരമായ അഴിച്ചുപണി നടത്തണം. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, വിദേശങ്ങളിൽ നിയമക്കുരുക്കിൽപ്പെടുന്നവർക്കായി ലീഗൽ സെൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വ്യവസ്ഥാപിത സംവിധാനം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകണം. ​ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന പ്രക്രിയയിൽ ഇതുവരെ കൃത്യമായൊരു സിസ്റ്റം രൂപപ്പെട്ടിട്ടില്ല. പൊതുപ്രവർത്തകരുടെ ഇടപെടലുകൾ കൊണ്ടാണ് നിലവിൽ ഇത് സാധ്യമാകുന്നത്​. വിഷയത്തെ മാനുഷിക പ്രശ്നമായി കണ്ട് പരിഹരിക്കാൻ സർക്കാർ വകുപ്പുകളും പ്രവാസി സംഘടനകളും തമ്മിൽ വ്യവസ്ഥയുണ്ടാക്കണം. സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് ആകാശം മുട്ടെ ഉയരുന്നത് തടയാൻ മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. പ്രവാസി ക്ഷേമം ദേശീയ ബാധ്യതയായി കണ്ട് പുതിയ സർക്കാർ വിപ്ലവകരമായ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. പുത്തൂർ റഹ്മാൻ (കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി, യു.എ.ഇ പ്രസിഡന്റ്)


​മുഖ്യമന്ത്രിയുടെ ‘പ്രവാസി രാഷ്ട്രീയം’ കരുത്താകും



​വിദ്യാഭ്യാസവും പുരോഗമനവും മുൻനിർത്തി മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന ‘പ്രവാസ രാഷ്ട്രീയം’ എന്ന കാഴ്ചപ്പാട് പ്രവാസി സമൂഹത്തിന് വലിയ കരുത്താകും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാർക്കും പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാം. അതുകൊണ്ടുതന്നെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ആശ്വാസമാകാൻ ഈ ഭരണത്തിന് സാധിക്കും. ​കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി പ്രവാസികൾക്ക് അനുകൂലമായ തീരുമാനങ്ങൾ നേടിയെടുക്കാൻ പുതിയ സർക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള പ്രവാസി ഇൻഷുറൻസ് പദ്ധതികൾ ഉയർന്ന തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പുതിയ സർക്കാരിനു മുമ്പാകെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉടൻ സമർപ്പിക്കും. നിസാർ തളങ്കര (പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ)

ജനക്ഷേമ പദ്ധതികൾ തുടരണം ​



 മുൻ സർക്കാരിന്റെ മാതൃകയിൽ മുഖ്യമന്ത്രി തന്നെ പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. തിരിച്ചെത്തിയവർക്കുള്ള മൂലധന സബ്‌സിഡി-പലിശ ഇളവ് പദ്ധതികൾ, ‘സാന്ത്വന’ പദ്ധതി, ‘പ്രവാസി ഡിവിഡന്റ്’ പദ്ധതി, ലോക കേരള സഭ എന്നിവ രാഷ്ട്രീയത്തിനതീതമായി തുടരേണ്ടതുണ്ട്.​ നോർക്ക പ്ലസ് ഇൻഷുറൻസിന്റെ പ്രീമിയം തുക കുറച്ച്, പ്രവാസ ജീവിതത്തിന് ശേഷവും ഇത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. വ്യാജ വിസ തട്ടിപ്പുകൾ തടയാൻ നോർക്ക ലീഗൽ സെൽ ശക്തമാക്കണം. അമിത വിമാനക്കൂലിക്ക് ശാശ്വത പരിഹാരമായി 'എയർ കേരള' യാഥാർഥ്യമാക്കണം. ഷിജു ബഷീർ (ജനറൽ സെക്രട്ടറി​, ഓർമ ദുബൈ) 


പ്രായോഗിക പദ്ധതികൾ വേണം


പ്രവാസി മലയാളികൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ പ്രവാസി വകുപ്പ് പ്രായോഗികമായ പദ്ധതി തയാറാക്കണം. തൊഴിൽ നഷ്ടവും പ്രവാസികളുടെ തിരിച്ചുപോക്കും കൃത്യമായി കൈകാര്യം ചെയ്യാൻ സർക്കാർ തലത്തിൽ പ്രായോഗിക പദ്ധതികൾ അനിവാര്യമാണ്. ​1996-ൽ ഇ.കെ. നായനാർ മന്ത്രിസഭയാണ് ഇന്ത്യയിലാദ്യമായി പ്രവാസികൾക്കായി പ്രത്യേക വകുപ്പ് രൂപവത്​കരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവാസികളുടെ വോട്ടവകാശം, ഉയർന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഇപ്പോഴും ശാശ്വത പരിഹാരമായിട്ടില്ല. ‘ലോക കേരളസഭ’ തുടരുകയും രാഷ്ട്രീയത്തിനതീതമായി, പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്നവരെ അംഗങ്ങളായി തെരഞ്ഞെടുക്കണം. ഷാജി ഹനീഫ് (പ്രവാസി എഴുത്തുകാരൻ)


വാഗ്ദാനങ്ങൾ നടപ്പാക്കണം



പ്രവാസികളുടെ ആവശ്യങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ടുള്ള യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സമയബന്ധിതമായി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കണം. പ്രവാസി ക്ഷേമപെൻഷനിലെ 60 വയസ്സ് എന്ന നിബന്ധന ഒഴിവാക്കുക, റിട്ടയർ ചെയ്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക, വരുമാനം കുറഞ്ഞ പ്രവാസികളെ ന്യായ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പുന്നക്കൻ മുഹമ്മദലി (യു.ഡി.എഫ് ജന. കൺവീനർ, യു.എ.ഇ) 

Tags:    
News Summary - With hope in the new government...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 06:28 GMT