അബൂദബി: എമിറേറ്റില്‍ സ്വയംനിയന്ത്രിത വാഹനങ്ങളുടെ സര്‍വിസുകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി അത്യാധുനിക സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍, മുനിസിപ്പാലിറ്റി ഗതാഗത വകുപ്പിന് (ഡി.എം.ടി) കീഴിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (അബൂദബി മൊബിലിറ്റി) ആണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. ഡി.എം.ടി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫ, ശൈഖ് ഹംദാന്‍ ബിന്‍ സഈദ് ബിന്‍ തഹ്നൂന്‍ ആല്‍ നഹ്‍യാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
എമിറേറ്റില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാനാണ് തത്സമയ നിരീക്ഷണ സംവിധാനങ്ങളുള്ള നിയന്ത്രണകേന്ദ്രം ഒരുക്കിയത്. വാഹനങ്ങളുടെ കൃത്യമായ റൂട്ടുകള്‍ ട്രാക്ക് ചെയ്യുക, പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുക, അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുക എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രധാന ചുമതലകള്‍. വാഹനങ്ങളുടെ വേഗത, യാത്രാവിവരങ്ങള്‍, റൂട്ടുകള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ ‘എവിറ്റോംസ്’ എന്ന സംയോജിത പ്ലാറ്റ്ഫോം കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മറ്റ് സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്താനും കൃത്യമായ യാത്രാ റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ഇതിലൂടെ സാധിക്കും. അബൂദബിയില്‍ സര്‍വിസ് നടത്തുന്ന ലൈസന്‍സുള്ള മുഴുവന്‍ സ്വയംനിയന്ത്രിത വാഹനങ്ങളും ഈ കണ്‍ട്രോള്‍ റൂമിന്റെ പരിധിയില്‍ വരും.
സ്മാര്‍ട്ട് മൊബിലിറ്റി സാങ്കേതികവിദ്യകള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഗതാഗത അന്തരീക്ഷമൊരുക്കാന്‍ ഇത്തരം അത്യാധുനിക മേല്‍നോട്ട സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന് ഐ.ടി.സി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ഗ്‌ഫെലിയും സ്മാര്‍ട്ട് ഗതാഗത മേഖലയില്‍ അബൂദബിയുടെ നേതൃപരമായ പങ്കിനെയാണ് ഡിജിറ്റല്‍ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്റ് ട്രാന്‍സ്‌പോർടേഷന്‍ സിസ്റ്റംസ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് ആദില്‍ അല്‍ അഫീഫിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.