ദുബൈ: ദുബൈയുടെ വജ്ര വ്യാപാരം സർവകാല റെക്കോർഡിൽ. 2025ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 4170 കോടി ഡോളറിന്‍റെ വ്യാപാരം നടത്തിയാണ് ദുബൈയുടെ വജ്രമേഖല പുതിയ ഉയരങ്ങൾ താണ്ടിയത്. 2011ൽ സ്ഥാപിച്ച റെക്കോർഡിനാണ് 14 വർഷത്തിനു ശേഷം ഇളക്കം തട്ടിയത്. ദുബൈ കസ്റ്റംസിന്റെയും ഡി.എം.സി.സിയുടെയും കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം വജ്ര വ്യാപാരത്തിൽ 16.2 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2024ൽ 3580 കോടി ഡോളറായിരുന്ന വ്യാപാരമാണ് ഒറ്റ വർഷംകൊണ്ട് 580 കോടി ഡോളറോളം വർധിച്ചത്. 2020ലെ കോവിഡ് മഹാമാരിക്ക് ശേഷം ദുബൈയിലെ വജ്ര വ്യാപാരം മൂല്യത്തിൽ 139 ശതമാനവും അളവിൽ ഇരട്ടിയും വളർച്ചയാണ് കൈവരിച്ചത്.
2025ൽ ദുബൈ കൈകാര്യം ചെയ്ത വജ്രത്തിന്റെ അളവ് 35.95 കോടി കാരറ്റിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 42.5 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് വജ്ര വ്യാപാരത്തിന്റെ മൂല്യവും അളവും ഒരേ വർഷത്തിൽ തന്നെ ഇത്രയധികം റെക്കോർഡ് ഉയരത്തിൽ എത്തുന്നത്.
പ്രകൃതിദത്ത വജ്രങ്ങളാണ് ഈ വളർച്ചക്ക് കരുത്തു പകർന്നത്. മൊത്തം വ്യാപാര മൂല്യത്തിന്റെ 95.8 ശതമാനവും (3990 കോടി ഡോളർ) പ്രകൃതിദത്ത വജ്രങ്ങളിൽ നിന്നാണ് ലഭിച്ചത്. ഇതിൽ 20.52 കോടി കാരറ്റ് അസംസ്കൃത പ്രകൃതിദത്ത വജ്രങ്ങളും, 1870 കോടി ഡോളറിന്റെ പോളിഷ് ചെയ്ത വജ്രങ്ങളും ഉൾപ്പെടുന്നു. 2020നു ശേഷം പോളിഷ് ചെയ്ത പ്രകൃതിദത്ത വജ്രങ്ങളുടെ മൂല്യത്തിൽ 246 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രകൃതിദത്ത വജ്രങ്ങൾക്ക് പുറമേ വർണ രത്നങ്ങളുടെ വ്യാപാരവും ചരിത്രത്തിലാദ്യമായി 110 കോടി ഡോളറിലെത്തി റെക്കോർഡ് സൃഷ്ടിച്ചു. 2024നെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 48 ശതമാനത്തിന്റെ വളർച്ചയുണ്ടായി. സിന്തറ്റിക്, വ്യാവസായിക വജ്രങ്ങളും മൊത്തം വ്യാപാര അളവിന്റെ 39 ശതമാനത്തോളം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.