ഭൂമിയിൽ ഒരുകാലത്ത് ആധിപത്യം പുലർത്തിയിരുന്ന ഭീമൻ ദിനോസറായ ടിറാനോസോറസ് റെക്സ് (T. rex) ഇനത്തിലെ ‘ഗസ്’ (Gus) എന്ന ഫോസിൽ അസ്ഥികൂടം റെക്കോഡ് വിലയ്ക്ക് ലേലത്തിൽ വിറ്റു. ന്യൂയോർക്കിൽ സോത്ബീസ് സംഘടിപ്പിച്ച ലേലത്തിലാണ് അജ്ഞാതനായ ഒരാൾ 5.01 കോടി ഡോളർ മുടക്കി ഇത് സ്വന്തമാക്കിയത്. ഇതോടെ ലോകത്ത് ലേലത്തിൽ വിറ്റ ഏറ്റവും വിലകൂടിയ ദിനോസർ ഫോസിൽ എന്ന റെക്കോഡും ‘ഗസ്’ സ്വന്തമാക്കി.
ഏകദേശം 6.7 കോടി വർഷം പഴക്കമുള്ള ഈ ടി-റെക്സ് ഫോസിൽ, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതും ഏറ്റവും സമ്പൂർണവുമായ അസ്ഥികൂടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഏകദേശം 12.5 അടി ഉയരവും 38 അടി നീളവും ഉള്ള ഈ ഫോസിലിൽ 183 അസ്ഥിഭാഗങ്ങളാണുള്ളത്. അസ്ഥികളുടെ എണ്ണമനുസരിച്ച് ഇത് 61 ശതമാനം സമ്പൂർണമാണ്. പ്രത്യേകിച്ച് തലയോട്ടിയും ശക്തമായ താടിയെല്ലും അപൂർവമായി മികച്ച നിലയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ ഒരു സ്വകാര്യ റാഞ്ചിൽ 2021ലാണ് ഈ ഫോസിൽ കണ്ടെത്തിയത്. ഭൂമിയുടെ ഉടമയായിരുന്ന ഗാരി ‘ഗസ്’ ലിക്കിങ്ങിന്റെ സ്മരണക്കായാണ് ഇതിന് ‘ഗസ്’ എന്ന് പേര് നൽകിയത്. ഖനനവും പുനരുദ്ധാരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങളെടുത്തു.
ലേലത്തിന് മുമ്പ് ഈ ഫോസിലിന് രണ്ടു മുതൽ മൂന്നു വരെ കോടി ഡോളർ ലഭിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, 10 മിനിറ്റോളം നീണ്ട കടുത്ത മത്സരത്തിനൊടുവിൽ പ്രതീക്ഷകളെ മറികടന്നാണ് 5.01 കോടി ഡോളറിലെത്തിയത്.
അതേസമയം, ഇത്രയും പ്രാധാന്യമുള്ള ഫോസിൽ സ്വകാര്യ വ്യക്തിയുടെ കൈകളിലെത്തിയത് ശാസ്ത്രലോകത്ത് ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. പൊതു മ്യൂസിയങ്ങളിലോ ഗവേഷണ സ്ഥാപനങ്ങളിലോ സൂക്ഷിക്കേണ്ട അപൂർവ ഫോസിലുകൾ സ്വകാര്യ ശേഖരങ്ങളിലേക്ക് പോകുന്നത് ഭാവിയിലെ പഠനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് പാലിയന്റോളജിസ്റ്റുമാരുടെ മുന്നറിയിപ്പ്. പുതിയ ഉടമ ഫോസിൽ പൊതുപ്രദർശനത്തിനും ശാസ്ത്രീയ ഗവേഷണത്തിനുമായി ലഭ്യമാക്കണമെന്ന ആവശ്യവും വിദഗ്ധർ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.