അറേബ്യൻ കാരക്കൽ
വാദി വുറയ്യ ദേശീയോദ്യാനത്തിലെ ഒരു നിരീക്ഷണ കാമറയിൽ, അറേബ്യൻ കാരക്കൽ എന്നറിയപ്പെടുന്ന അപൂർവ കാട്ടുപൂച്ചയുടെ ചിത്രം പതിഞ്ഞു. ഇതോടെ മേഖലയിലെ ജൈവീക ആവാസ വ്യവസ്ഥയുടെ ചിത്രവും ചരിത്രവും മാറിമറിയുകയാണെന്നാണ് വിദഗ്ധ സംഘം വിലയിരുത്തുന്നത്. സാധാരണയായി രാത്രിയിൽ ജീവിക്കുന്ന കാരക്കൽ വളരെ രഹസ്യ സ്വഭാവമുള്ളതും നിരീക്ഷിക്കാൻ പ്രയാസമുള്ളതുമാണ്. ഇവ പ്രധാനമായും ഒറ്റക്കോ ജോഡികളായോ ജീവിക്കുന്നു.
പക്ഷികൾ, എലികൾ, മറ്റ് ചെറിയ സസ്തനികൾ എന്നിവയെ വേട്ടയാടുന്ന ഒരു മാംസഭോജിയാണ് കാരക്കൽ. ഇതിന് മൂന്ന് മീറ്ററിൽ കൂടുതൽ ഉയരത്തിൽ ചാടി പക്ഷികളെ പിടിക്കാൻ കഴിയും. ഇരയെ അഞ്ച് മീറ്റർ അകലെ വരെ പിന്തുടർന്ന്, ഇരയെ താഴേക്ക് ഓടിക്കുകയും തൊണ്ടയിലോ കഴുത്തിന്റെ പിൻഭാഗത്തോ കടിച്ച് കൊല്ലുകയും ചെയ്യുന്നതാണ് രീതി.
വാദി വുറയ്യ മലനിരകളിൽ നിന്ന് പകൽ വിടവാങ്ങുകയും രാത്രി കനത്ത് വരുകയും ചെയ്തതോടെയാണ് കാട്ടുപൂച്ച നടക്കാനിറങ്ങിയതെന്ന് കാമറ പറയുന്നു. ഇരകളെ തേടിയുള്ള യാത്രയിൽ പാറകളിൽ കസർത്ത് നടത്തുന്നതിന്റെയും ചാടിമറിയുന്നതിന്റെയും പാറകൂട്ടങ്ങളിൽ മറഞ്ഞും തെളിഞ്ഞും നടക്കുന്നതിന്റെയും ദൃശ്യങ്ങൾ മനോഹരമാണ്. പരുക്കൻ പാറകൾക്കിടയിലൂടെ ഇരയെ തേടി അടിവെച്ചടിവെച്ച് നീങ്ങുന്ന കാരക്കലിന്റെ കണ്ണിലെ തീക്ക് തിളക്കം കൂടുതലുണ്ടായിരുന്നു.
കരുത്തുറ്റ ശരീരഘടന, നീണ്ട കാലുകൾ, ചെറിയ മുഖം, നീണ്ട മുഴയുള്ള ചെവികൾ, താരതമ്യേന ചെറിയ വാൽ, നീണ്ട നായ പല്ലുകൾ എന്നിവയാണ് ഇതിന്റെ സവിശേഷത. യു.എ.ഇയിലെ ആദ്യ പർവത സംരക്ഷണ കേന്ദ്രമായ വാദി വുറയ്യ നാഷണൽ പാർക്കിലെ നടപ്പാതകളിൽ സന്നദ്ധപ്രവർത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരും സ്ഥാപിച്ച കാമറ പാതയിലൂടെയാണ് കാട്ടുപൂച്ച നടന്നുവന്നതും കടന്നുകളഞ്ഞതും.പാർക്കിൽ ഇതിന്റെ സാന്നിധ്യം ആദ്യമായാണ് രേഖപ്പെടുത്തുന്നത്. എന്നാൽ അൽഐൻ മേഖലയിലെ ജബൽ ഹഫീത് ദേശീയോദ്യാനത്തിൽ 2019ലെ ഒരു വസന്തകാലത്ത് കാമറ ട്രാപ്പുകൾ ഉപയോഗിച്ച് ഒരു ആൺ കാരക്കലിന്റെ ഫോട്ടോയെടുത്തിരുന്നു.
ആഗോളതലത്തിൽ ഈ ഇനം വംശനാശ ഭീഷണി നേരിടുന്നില്ലെങ്കിലും, യു.എ.ഇയിൽ ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നതും അപൂർവവുമാണെന്ന് കണക്കാക്കപ്പെടുന്നതുമാണെന്നാണ് അധികൃതർ പറയുന്നത്. അറേബ്യൻ ഉപദ്വീപിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി വേട്ടയാടുന്നതാണ് പ്രധാന ഭീഷണി. രാജ്യത്ത് അവശേഷിക്കുന്ന, പ്രായപൂർത്തിയായവയുടെ എണ്ണം 250 ൽ താഴെയാണെന്ന് വിശ്വസിക്കപ്പെടുന്നു. വാദി വുറയ്യ ദേശീയോദ്യാനത്തിനുള്ളിൽ കുറഞ്ഞത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെങ്കിലും അറേബ്യൻ ലിങ്ക്സിനെ കണ്ടതായി ഫൗണ്ടേഷൻ സ്ഥിരീകരിച്ചു.
രാവിലെ പാറകൾക്ക് മുകളിലൂടെ നടക്കുന്നതിന്റെ ചിത്രവും പ്രസിദ്ധീകരിച്ചു. ഈ ജീവിവർഗത്തിന്റെ ചിത്രങ്ങൾ കാമറയിൽ പകർത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷന്റെ ജൈവവൈവിധ്യ സംരക്ഷണ സഹ-ഡയറക്ടറായ ആൻഡ്രൂ ഗാർഡ്നർ പറഞ്ഞു. വന്യജീവി സംരക്ഷണ മേഖലയിലെ ശ്രദ്ധേയമായ നേട്ടമാണിതെന്നും യു.എ.ഇയിൽ ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിന് പുതിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു. ദുബൈയിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വാദി വുറയ്യ, ബയോസ്ഫിയർ റിസർവ് എന്നും അറിയപ്പെടുന്നു.
മേഖലയിൽ സന്ദർശകർക്ക് ശക്തമായ നിയന്ത്രണമുണ്ട്. അപകടങ്ങൾ നിറഞ്ഞ മേഖലയാണിത്. കാരക്കലിന് ഒരു വയസ്സ് ആകുമ്പോഴേക്കും ലൈംഗിക പക്വത പ്രാപിക്കുകയും വർഷം മുഴുവനും പ്രജനനം നടത്തുകയും ചെയ്യുന്നു. ഗർഭകാലം രണ്ട് മുതൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കും, ഇത് ഒന്ന് മുതൽ ആറ് വരെ പൂച്ചക്കുട്ടികളെ പ്രസവിക്കുന്നു. ഒൻപത് മുതൽ പത്ത് മാസം വരെ പ്രായമുള്ളപ്പോൾ കുഞ്ഞുങ്ങൾ അമ്മമാരെ ഉപേക്ഷിക്കുന്നു. കാരക്കലുകളുടെ ശരാശരി ആയുസ്സ് ഏകദേശം 16 വർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.