പശ്ചിമേഷ്യൻ സംഘർഷം; തിരികെ പോകുന്ന പ്രവാസികൾക്കുള്ള പുനരധിവാസ സാധ്യതകൾ

ഗൾഫ് സംഘർഷം തുടങ്ങിയതിനു ശേഷം ഏകദേശം ഒമ്പതു ലക്ഷത്തോളം ആളുകൾ നാട്ടിലേക്കു മടങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 10 മില്യൻ ഇന്ത്യക്കാരാണ് ഗൾഫ് നാടുകളിലുള്ളത്.

കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചിരുന്നതുപോലെ പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പക്ഷം നാടിനും പ്രവാസികൾക്കും ഒരുപോലെ പലവിധ പ്രയാസങ്ങളുണ്ടാകും. അതിൽ നിന്നും കരകയറണമെങ്കിൽ നിശ്ചയദാർഢ്യവും, കഠിനാധ്വാനത്തിനുള്ള മനസ്സും ഉണ്ടായാൽ മാത്രമേ കഴിയുകയുള്ളൂ. ധാരാളം അവസരങ്ങൾ കേരളത്തിലുണ്ട്. പല ജോലികൾക്കും ഇന്ന് നാട്ടിൽ ആളെ കിട്ടാത്ത അവസ്ഥയാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെ ഇതരസംസ്ഥാനങ്ങളെ ആണ് ആശ്രയിക്കുന്നത്. നാട്ടിൽ ജോലി ചെയ്യുന്നതിനും ഇത് തന്നെയാണ് അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ. ഇത് കാണിക്കുന്നത് കേരളത്തിലുള്ള അപാരമായ സാധ്യതകളാണ്. സംരംഭവുമായി വരുന്നവർക്ക് പരവതാനി വിരിക്കുന്നു എന്ന് പറയുന്നില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ പൊതുവെ കേരളത്തിൽ സംരംഭക മേഖലയിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രവാസത്തിൽനിന്നു മടങ്ങുന്നവരും നാട്ടിലുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും ചേർന്നാൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ഒപ്പം സർക്കാറുകളുടെയും രാഷ്ട്രീയ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയും.

സാമ്പത്തികവും മറ്റു സഹായങ്ങളും

കൃഷി, മത്സ്യബന്ധനം, ഡെയറി തുടങ്ങിയ മേഖലകളിലും ചെറുകിട ബിസിനസ്, വ്യവസായ സംരംഭങ്ങൾ, മറ്റു ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ സർവീസസ് മേഖലയിലും പ്രവാസികൾക്ക് പുതിയ അവസരങ്ങൾ കണ്ടെത്താം. ഇതിന് ആവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും നിലവിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകളും മറ്റു ഏജൻസികളും നൽകുന്നുണ്ടെങ്കിലും ഇത്തരം പദ്ധതികളെപ്പറ്റിയുള്ള അറിവില്ലായ്മയും മറ്റു ചിലർക്കുണ്ടായ മോശം അനുഭവങ്ങളും പരാജയ ഭീതിയും സംരഭങ്ങളിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു.

നിങ്ങൾ, ആത്മാർത്ഥമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാറോ അല്ലെങ്കിൽ മറ്റു ധനകാര്യ സ്ഥാപനങ്ങളോ നോഡൽ ഏജൻസികളോ നിങ്ങളെ സഹായിക്കും. അതിനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി, കെ.എസ്.എഫ്.ഇ , കാർഷിക വികസന ബാങ്കുകൾ, കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സിഡ്ബി (SIDBI) എന്നീ സ്ഥാപനങ്ങൾ ചെറുകിട കച്ചവടത്തിനും, വ്യവസായത്തിനും കൃഷിക്കും ഒക്കെ സെക്യൂരിറ്റി ഇല്ലാതെ കുറഞ്ഞ പലിശ നിരക്കിൽ നിബന്ധനകൾക്കു വിധേയമായി വായ്പകൾ അനുവദിക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടാൻ വേണ്ടിയുള്ള കാര്യങ്ങൾ പറയാം. വിശദ വിവരങ്ങൾക്ക് അതാതു സ്ഥാപങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിച്ചു ആധികാരികത ഉറപ്പു വരുത്തി കാര്യങ്ങൾ ചെയ്യണം.

നോർക്ക റൂട്സ്

മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ പ്രവാസികൾക്ക് പുതുജീവിതം ആരംഭിക്കാൻ കേരള സർക്കാർ വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രവാസി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാന സ്ഥാപനമായ നോർക്ക റൂട്സ് വഴിയാണ് ഈ പദ്ധതികളുടെ ഭൂരിഭാഗവും നടപ്പാക്കുന്നത്. നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാനും സാമ്പത്തികമായി സ്ഥിരത നേടാനും സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM). ഈ പദ്ധതി പ്രകാരം, രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സ് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും നല്‍കും. കേരളത്തിൽ എസ്.ബി.ഐ ഉൾപ്പെടെയുള്ള വിവിധ പൊതു മേഖല ബാങ്കുകളും ഫെഡറൽ ബാങ്ക് പോലെയുള്ള സ്വകാര്യ ബാങ്കുകളും, കെ.എഫ്.സി തുടങ്ങിയ പതിനെട്ടോളം സ്ഥാപനങ്ങൾ വഴിയാണ് ഇത് നടപ്പാക്കുന്നത്. അപേക്ഷകർക്ക് നോര്‍ക്ക റൂട്ട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റില്‍ എൻ.ഡി.പി.ആർ.ഇ.എമ്മിൽ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വായ്പ പദ്ധതികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ഭാഗത്തിൽ പ്രതിപാദിക്കുന്നതാണ്. (തുടരും )

(മസ്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച്എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)

Tags:    
News Summary - West Asian conflict; Rehabilitation prospects for returning expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.