അബൂദബി: ചൊവ്വാഴ്ച വൈകുന്നേരം അബൂദബിയിലെ മുശ്റിഫ് മാളിൽ ഷോപ്പിങ്ങിന് എത്തിയവർ ലുലു ഹൈപ്പർമാർക്കറ്റിൽ ആളുകൾക്കിടയിലൂടെ പൊടുന്നനെ കടന്നുവന്ന സന്ദർശകനെ കണ്ട് ഞെട്ടി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനായിരുന്നു ആ അപ്രതീക്ഷിത സന്ദർശകൻ.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ ലുലു അധികൃതർ പ്രസിഡന്‍റിനെ വരവേറ്റു. രാജ്യത്തിന്‍റെ ഭരണാധികാരിയെ നേരിൽ കണ്ടതിന്‍റെ ത്രില്ലിൽ കൈവിശിക്കാണിച്ചവരെയെല്ലാം പ്രസിഡന്‍റ് പ്രത്യഭിവാദ്യം ചെയ്തു.
തനിക്കായി മാളിലെ ലിഫ്റ്റുകളോ, വഴികളോ തടസ്സപ്പെടുത്തരുതെന്ന് ജീവനക്കാർക്ക് നേരത്തേ നിർദേശം നൽകിയാണ് പ്രസിഡന്‍റ് എത്തിയതെന്ന് ജീവനക്കാരെ ഉദ്ധരിച്ച് യു.എ.ഇ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശനവേളയിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, മറ്റ് പ്രമുഖ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മുശ്രിഫ് മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലെ വിവിധ വിഭാഗങ്ങൾ ചുറ്റിക്കണ്ട ശൈഖ് മുഹമ്മദ്, അവിടെയുണ്ടായിരുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും സൗഹൃദം പങ്കുവെക്കുകയും സംസാരിക്കുകയും ചെയ്തു. യു.എ.ഇയിലെ പൊതുസമൂഹത്തിന് ലുലു ഗ്രൂപ് നൽകുന്ന മികച്ച സേവനങ്ങളെയും വിവിധ സാമൂഹിക സംരംഭങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രതിസന്ധിയുടെ നാളുകളിൽ യു.എ.ഇക്കൊപ്പം നിന്നതിനും അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കിയതിനും ശൈഖ് മുഹമ്മദ് ലുലു അധികൃതർക്ക് നന്ദി അറിയിച്ചു.
ലുലു ജീവനക്കാരുമായി ആശയവിനിമയം നടത്തി അവരോട് സുഖവിവരങ്ങൾ തിരക്കിയാണ് പ്രസിഡന്‍റ് മുശ്റിഫ് മാളിൽനിന്ന് മടങ്ങിയത്. അവർക്കൊപ്പം ഫോട്ടോയെടുക്കാനും സമയം ചെലവിട്ടു. അപ്രതീക്ഷിതമായി യു.എ.ഇ പ്രസിഡന്‍റിനെ നേരിൽ കാണാനും അഭിവാദ്യം ചെയ്യാനും സാധിച്ച സന്തോഷത്തിലായിരുന്നു ജീവനക്കാരും മാളിലെത്തിയ ഉപഭോക്താക്കളുമെല്ലാം. അമ്പത് മിനിറ്റോളം മാളിൽ ചെലവിട്ട പ്രസിഡന്‍റിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.