‘ആഡംബര കാറുകൾ കാട്ടി അഹങ്കരിക്കരുത്’; കടക്കെണിയിൽ പെടരുതെന്ന് യുവാക്കളോട് ഷാർജ ഭരണാധികാരി

ഷാർജ: വിലകൂടിയ ആഡംബര കാറുകൾക്ക് പിന്നാലെ പാഞ്ഞ് കടക്കെണിയിലും തവണ വ്യവസ്ഥകളിലും ചെന്നുപെടാതെ വിദ്യാഭ്യാസം നേടുന്നതിനും ഭാവിയെ കരുപ്പിടിപ്പിച്ച്​ കുടുംബം പുലർത്തുന്നതിനും യുവാക്കൾ മുൻഗണന നൽകണമെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ആഗോള യൂത്ത് ദിനത്തോടനുബന്ധിച്ച് ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം യുവാക്കൾക്ക് ഈ ഉപദേശം നൽകിയത്.

‘താങ്ങാൻ കഴിയാത്തത്ര വിലകൂടിയ കാറുകൾ വാങ്ങി ഗഡുക്കളിലും കടങ്ങളിലും മറ്റ് സാമ്പത്തിക ബാധ്യതകളിലും പെട്ടുപോവരുത്. ഇത്തരം അഹങ്കാരങ്ങളിൽ നിന്നും ​പൊങ്ങച്ചപ്രകടനങ്ങളിൽ നിന്നും യുവാക്കൾ മാറിനിൽക്കണം’ -ശൈഖ്​ സുൽത്താൻ പറഞ്ഞു. തൊഴിൽ രംഗത്തെ വളർച്ചക്ക്​ ഉന്നത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്​. ഡിപ്ലോമ, മാസ്റ്റേഴ്സ്, പി.എച്ച്.ഡി തുടങ്ങിയ യോഗ്യതകൾ തൊഴിൽ തലത്തിൽ വലിയ പുരോഗതി നേടാൻ സഹായിക്കും. അതുകൊണ്ട് വിദ്യാഭ്യാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

ആഗോള യൂത്ത് ദിനത്തിൽ തന്നെയാണ് ഷാർജയിലെ വിദ്യാഭ്യാസ മേഖലക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ അൽ ഖാസിമിയ സർവകലാശാലയിൽ 2026-2027 അക്കാദമിക് വർഷത്തേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി 470 സ്കോളർഷിപ്പുകൾ ശൈഖ്​ സുൽത്താൻ അംഗീകരിച്ചത്. ഇതിനുപുറമെ, നഴ്‌സറികളും കിന്‍റർഗാർട്ടനുകളും ഏകോപിപ്പിച്ച്​ കുട്ടികൾക്കായി പുതിയ ‘ഏർലി ചൈൽഡ്ഹുഡ് സെന്‍ററുകൾ’ ആരംഭിക്കാനുള്ള പദ്ധതികൾക്കും ഷാർജ അടുത്തിടെ തുടക്കമിട്ടിരുന്നു.

Tags:    
News Summary - Sharjah Ruler tells youth not to fall into debt trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.