അബൂദബി കസ്റ്റംസിന്‍റെ പേരില്‍ തട്ടിപ്പ് സന്ദേശം; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

അബൂദബി: കസ്റ്റംസ് നടപടിക്രമങ്ങളുടെ പേരിലും പാര്‍സലുകള്‍ തടഞ്ഞുവച്ചിരിക്കുന്നു എന്ന് കാണിച്ചും വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് വ്യാജന്മാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്ന പശ്ചാത്തലത്തിലാണ് അബൂദബി കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

‘ഒഫീഷ്യല്‍ കസ്റ്റംസ് ഹോള്‍ഡ് നോട്ടീസ് - കസ്റ്റംസ് താരിഫ് ക്ലാസിഫിക്കേഷന്‍ റിക്വയര്‍ഡ്’ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അബൂദബി കസ്റ്റംസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കി. അധികൃതരില്‍ നിന്നുള്ള സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 800 555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അബൂദബി കസ്റ്റംസിന്‍റെ ഔദ്യോഗിക പേരും ലോഗോയും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാര്‍ മെസ്സേജുകള്‍ അയക്കുന്നത്. സന്ദേശങ്ങളില്‍ കാണുന്ന സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കാനോ ആവശ്യപ്പെടുന്ന ഇത്തരം ആശയവിനിമയങ്ങള്‍ക്ക് അബൂദബി കസ്റ്റംസുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതര്‍ വ്യക്​തമാക്കി.

ഓണ്‍ലൈന്‍ സുരക്ഷക്ക്​ കസ്റ്റംസ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍

അപരിചിതമായതോ സംശയകരമായതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിശദാംശങ്ങളോ പങ്കുവെക്കരുത്.

പണം നല്‍കുന്നതിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ മുമ്പ് സന്ദേശത്തിന്‍റെ ഉറവിടം ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്തുക.

സംശയകരമായ സന്ദേശങ്ങള്‍ അവഗണിക്കുക, അവയോട് ഒരു കാരണവശാലും പ്രതികരിക്കരുത്.

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി ശക്തം

യു.എ.ഇയിലുടനീളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വ്യാജ ഓഫറുകളും സേവനങ്ങളും നല്‍കി ആളുകളെ വഞ്ചിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ വ്യാപക നടപടികളാണ് സ്വീകരിച്ചു വരുന്നത്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മാത്രം ദുബൈയില്‍ ഇത്തരം 103 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയിരുന്നു.

നിര്‍മിത ബുദ്ധിയും ക്രൈം ഡാറ്റ അനാലിസിസും ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടക്കുന്നതിന് മുമ്പ് തന്നെ അവ കണ്ടെത്താനും തടയാനുമുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചതായി ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

എങ്കിലും, ഓണ്‍ലൈന്‍ ഇടപാടുകളില്‍ പൊതുജനങ്ങള്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.

Tags:    
News Summary - Fraudulent message in the name of Abu Dhabi Customs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.