അഡ്‌നിക്കിന് നേട്ടം; ഒന്നാം പകുതിയില്‍ 22.51 കോടി ദിര്‍ഹം ലാഭം

അബൂദബി: ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും മിന്നുന്ന പ്രകടനവുമായി അബൂദബി നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി (അഡ്‌നിക്). 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ കമ്പനി നികുതിക്ക് മുമ്പുള്ള അറ്റാദായമായി 22.51 കോടി ദിര്‍ഹം സ്വന്തമാക്കി. നികുതി കിഴിച്ചുള്ള അറ്റാദായം 20.1 കോടി ദിര്‍ഹമാണ്. തന്ത്രപ്രധാനമായ പ്രവര്‍ത്തന രീതികള്‍, പോര്‍ട്ട്‌ഫോളിയോ വിപുലീകരണം, അന്താരാഷ്ട്ര തലത്തിലുള്ള വളര്‍ച്ച എന്നിവയാണ് മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

അവലോകന കാലയളവില്‍ കമ്പനിയുടെ ആകെ ഇന്‍ഷുറന്‍സ് വരുമാനം 410 കോടി ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 400 കോടി ദിര്‍ഹമായിരുന്നു. ഗ്രോസ് റിട്ടേണ്‍ പ്രീമിയം (ജി.ഡബ്ല്യു.പി) 613 കോടി ദിര്‍ഹത്തിലെത്തി. പ്രമുഖ ഉപഭോക്താക്കളുടെ വളര്‍ച്ചയും രാജ്യത്തെ പ്രധാന നിര്‍മാണ പദ്ധതികളില്‍ നിന്നുള്ള ബിസിനസ് വര്‍ധനവുമാണ് ഇതിന് സഹായകരമായത്. മികച്ച ഇന്‍ഷുറന്‍സ് സേവന ഫലമായി 21.54 കോടി ദിര്‍ഹം നേടാനായി. കൂടാതെ, ബോണ്ട് പലിശ വരുമാനം, വാടക വരുമാനം എന്നിവയിലെ വളര്‍ച്ചയുടെ കരുത്തില്‍ കമ്പനിയുടെ നിക്ഷേപ വരുമാനം 15.04 കോടി ദിര്‍ഹമായി ഉയര്‍ന്നു.

അന്താരാഷ്ട്ര തലത്തിലും സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയിലെ ഗുജറാത്തിലുള്ള ഗിഫ്റ്റ് സിറ്റിയിലെ പുതിയ ബ്രാഞ്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍ഷുറന്‍സ് വിപണിയായ ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഇത് സഹായിക്കും. ഇതിനുപുറമെ, യു.എ.ഇ. വിദേശകാര്യ മന്ത്രാലയ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നല്‍കാനുള്ള കരാറിലും രണ്ടാം പാദത്തില്‍ അഡ്‌നിക് ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും വിപണിയിലെ തങ്ങളുടെ സ്ഥാനം ഭദ്രമാക്കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സൈഫ് ആല്‍ നഹ്​യാന്‍, ആക്ടിങ്​ സി.ഇ.ഒ. ജുഗല്‍ മദാന്‍ എന്നിവര്‍ വ്യക്തമാക്കി.

Tags:    
News Summary - Adnik reports profit of Dh225.1 million in first half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.