ദുബൈ: അഞ്ച് ദിവസമായി പെയ്ത ശക്തമായ മഴക്ക് ശേഷം രാജ്യത്ത് പകർച്ചവ്യാധികൾ തടയാൻ കർശന പ്രതിരോധ നടപടികൾക്ക് തുടക്കമിട്ട് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ വീടുകളുടെയും ഓഫിസുകളുടെയും പരിസരങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്ന് മന്ത്രാലയം താമസക്കാരോട് അഭ്യർഥിച്ചു. ശക്തമായ മഴക്ക് ശേഷം രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും മഴവെള്ളം കെട്ടിനിൽക്കുകയാണ്. ഇത് കൊതുക് വ്യാപനം ഉൾപ്പെടെ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കയുണ്ട്. പെതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗ പ്രതിരോധത്തിലും കൊതുക് വ്യാപനം ഇല്ലാതാക്കുന്നതിന് നിർണായക പങ്കുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ ശുചിയാക്കുക, മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ വേഗത്തിൽ വൃത്തിയാക്കുക, ഡ്രൈനേജ് സംവിധാനങ്ങൾ വൃത്തിയായി നിലനിർത്തുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ ഉപേക്ഷിക്കുക, പുല്ലുകളും സസ്യജാലങ്ങൾ കൃത്യമായി വെട്ടിവൃത്തിയാക്കി നിർത്തുക തുടങ്ങിയ ലളിതമായ നടപടികൾ പിന്തുടരുന്നത് കൊതുക് വ്യാപനം തടയാൻ സഹായകമാവും. കൂടാതെ കൊതുകുകളെ തടയാൻ സഹായിക്കുന്ന ചെടികൾ വെച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള രീതികളും ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മഴക്ക് ശേഷം കൊതുകുകൾ മുട്ടിയിടുന്ന സ്ഥലങ്ങൾ നശിപ്പിക്കുന്നതിനായി ദേശീയ ക്യാമ്പയ്ൻ ഉൾപ്പെടെയുള്ള ശക്തമായ പ്രതിരോധ നടപടികൾക്കും മന്ത്രാലയം തുടക്കമിട്ടിരിക്കുകയാണ്. കീടനാശി പ്രയോഗം, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കൽ, പൊതുജന അവബോധ ക്യാമ്പയ്നുകൾ, പ്രാദേശിക അതോറിറ്റികളുമായി കൈകോർത്ത് ഫോഗിങ്, ലാർവ നിയന്ത്രണ പരിപാടികൾ എന്നിവയും നടന്നുവരികയാണ്. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനാണ് പ്രധാന മുൻഗണന. വീടുകളിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മുന്നറിയിപ്പുമായി അജ്മാൻ നഗരസഭ
അജ്മാൻ: കൊതുകജന്യ രോഗങ്ങൾ പകരുന്നതിനെതിരെ ആരോഗ്യ മുൻകരുതൽ നിർദേശവുമായി അജ്മാൻ നഗരസഭ. വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമാകും. കൊതുക് തടയാൻ കീടനാശിനികൾ ഉപയോഗിക്കുക, നീളൻ കൈയുള്ള വസ്ത്രം ധരിക്കുക, വീടുകൾക്ക് ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചു. രാവിലെയും വൈകുന്നേരവും താമസക്കാർ പുറത്തുള്ള ജോലികൾ ഒഴിവാക്കണം. കൊതുകുകടിയെത്തുടർന്ന് പനി, ചൊറിച്ചിൽ പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.