ശക്തമായ നീരൊഴുക്കിൽ നിറഞ്ഞൊഴുകുന്ന ശൗക ഡാം
ദുബൈ: അഞ്ചു ദിവസമായി തുടരുന്ന മഴയിൽ രാജ്യത്തെ പ്രധാന ഡാമുകളിൽ നീരൊഴുക്കി വർധിച്ചു. വാദികളെല്ലാം നിറഞ്ഞൊഴുകി. വെള്ളിയാഴ്ച വൈകിട്ടും മഴ തുടരുകയാണ്.മഴക്ക് പിന്നാലെ താപനില കുറഞ്ഞിട്ടുണ്ട്. റാസൽഖൈമ, അൽഐൻ, അജ്മാൻ, ഫുജൈറ, ഉമ്മുവൽഖുവൈൻ, ഷാർജ എന്നിവിടങ്ങളിലെ വാദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ശൗക ഡാമിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി വർധിച്ചു.
റാസൽമൈഖയിലെ ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അധികൃതർ സുരക്ഷ പരിശോധന നടത്തിയിരുന്നു. അൽഐൻ പാർക്കിന്‍റെ പിന്നിലുള്ള വാദികൾ നിറഞ്ഞൊഴുകുന്ന വീഡിയോകളും ചിത്രകങ്ങളും സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്. വാദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിച്ചാൽ കടുത്ത പിഴ ഈടാക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
മഴ ചിത്രങ്ങൾ ചിത്രീകരിക്കാനായി വാഹനങ്ങൾ വാദികളുടെയും മലനിരകളുടെയും സമീപത്ത് നിർത്തുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. ശക്തമായ മഴയുള്ള സമയങ്ങളിൽ സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങൾ ജീവൻ അപകടത്തിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പു നൽകി. താഴ്വരകൾ, വെള്ളപ്പൊക്ക പ്രദേശങ്ങൾ, ഡാമുകളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നതും സന്ദർശിക്കുന്നതും 1000 ദിർഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. വാദികളിൽ പ്രവേശിച്ചാൽ 2000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്‍റുകൾ ചുമത്തുകയും ചെയ്യും. കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
47.9 മില്ലി മീറ്റർ മഴയാണ് അൽ തവ്യീനിൽ ഇതുവരെ ലഭിച്ചതെന്നാണ് എൻ.സി.എം കണക്ക്. അൽ മർജാനിൽ 39.7 മില്ലിമീറ്റർ മഴയും ഖോർഫക്കാനിൽ 33.3 മില്ലി മീറ്ററും ഖതം അൽ ശകല്യിൽ 31.6 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.