മ​ഴ​യി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ ഡാ​മു​ക​ളി​ലൊ​ന്ന് (ഫ​യ​ൽ ചി​ത്രം)

ഡാമുകളിലെ വെള്ളം തുറന്നുവിടും

ദുബൈ: മഴയെ തുടർന്ന് വെള്ളം നിറഞ്ഞ രാജ്യത്തെ വിവിധ ഡാമുകൾ തുറന്നുവിടുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ ലഭിച്ച കനത്ത മഴയിലാണ് ഡാമുകളിൽ വെള്ളം നിറഞ്ഞത്. ഈ സാഹചര്യത്തിൽ വെള്ളം ഒഴുകിപ്പോകുന്ന വാദികളിലും താഴ്വരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. അധികൃതർ നൽകുന്ന സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശൗഖ, ബുറാഖ്, സിഫ്നി, അൽ അജ്ലി, മംദൂഹ്, വുർയഹ് എന്നീ ഡാമുകളിലെ വെള്ളമാണ് തുറന്നുവിടുന്നത്. അണക്കെട്ടുകളിൽ സംഭരിക്കുന്ന അധികജലത്തിന്‍റെ സമ്മർദം ഒഴിവാക്കുന്നതിനും ഭാവിയിൽ മഴയെ നേരിടാനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലുമാണ് വിവിധ ഗേറ്റുകൾ വഴി വെള്ളം തുറന്നുവിടുന്നത്. ഇത് ഭൂഗർഭ ജലലഭ്യത വർധിപ്പിക്കുമെന്നും മന്ത്രാലയം കുറിപ്പിൽ അറിയിച്ചു. അടുത്ത ആഴ്ചയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ ഭൗമശാസ്ത്ര കേന്ദ്രം (എൻ.സി.എം) അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 14 മുതൽ 18 വരെയാണ് കിഴക്കൻ ഭാഗത്തുനിന്നുള്ള ന്യൂനമർദത്തെ തുടർന്ന് മഴ പ്രവചിക്കപ്പെടുന്നത്.

കനത്ത മഴ ലഭിക്കുമ്പോൾ വെള്ളപ്പൊക്കവും കുത്തൊഴുക്കും തടയുന്നതിൽ ഡാമുകൾക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞമാസം അവസാനം പെയ്ത ശക്തമായ മഴയിലും പലയിടങ്ങളിലും വെള്ളം ഉയരാതിരുന്നത് ഡാമുകൾ കാരണമാണ്. എന്നാൽ, ചിലയിടങ്ങളിൽ ഡാമുകളും നിറഞ്ഞുകവിഞ്ഞ് വെള്ളമൊഴുകിയതോടെയാണ് പ്രളയമുണ്ടായത്. ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിരുന്നു. എന്നാൽ, അടുത്ത ആഴ്ചയിലെ മഴ ആശങ്കപ്പെടുത്തുന്നതല്ലെന്ന് അധികൃതർ പറയുന്നു.

Tags:    
News Summary - water in the dams will be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.