ദുബൈ: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉംദ എക്സ്ചേഞ്ചിന്റെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. സ്ഥാപനത്തിനെതിരെ 10 ദശലക്ഷം ദിർഹം പിഴയും ചുമത്തി. സെൻട്രൽ ബാങ്ക്, ധന ഇടപാട് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫെഡറൽ നിയമം അനുസരിച്ചാണ് നടപടി. എല്ലാ പണമിടപാട് സ്ഥാപനങ്ങളും ഉടമകളും ജീവനക്കാരും യു.എ.ഇയുടെ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മേൽനോട്ടങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ സ്ഥിരത, സമഗ്രത, സുതാര്യത എന്നിവ നിലനിർത്താൻ ഇത്തരം നടപടികൾ സഹായകമാവും. ഈ വർഷം തുടക്കത്തിൽ മറ്റൊരു എക്സ്ചേഞ്ച് ഹൗസിനെതിരെ 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് ഫണ്ട് നൽകൽ എന്നിവ തടയുന്നതിനുള്ള നിയമം പാലിക്കുന്നതിൽ പരാജയപ്പെടുന്ന ധന ഇടപാട് സ്ഥാപനങ്ങൾക്കെതിരെയാണ് സെൻട്രൽ ബാങ്ക് ഭരണപരമായ വിലക്ക് ഏർപ്പെടുത്താറ്. അടുത്തിടെ അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസും സെൻട്രൽ ബാങ്ക് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.