ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷം എൻ.പി.സി.ഐ പ്രതിനിധികൾ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനൊപ്പം
ദുബൈ: ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യു.പി.ഐ പെയ്മെന്‍റ് സംവിധാനം യു.എ.ഇയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൈയിൽ പണമോ എ.ടി.എം കാർഡുകളോ ഇല്ലാതെ മുഴുവൻ ഇടപാടുകളും യു.പി.ഐ ആപ്ലിക്കേഷൻ വഴി നിർവഹിക്കാൻ ഇതു വഴി സൗകര്യം ഒരുങ്ങും.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നാഷനൽ പെയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റിതേഷ് ഷുക്ല, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
നിലവിൽ യു.എ.ഇയിലെ ഏറ്റവും പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ്, ദുബൈ ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിൽ ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള യു.പി.ഐ പെയ്മെന്‍റ് ഇടപാട് അനുവദിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് യു.എ.ഇയിൽ വ്യാപാര ഇടപാട് നടത്തുമ്പോൾ അവരുടെ ഇന്ത്യൻ എകൗണ്ടിൽ നിന്ന് നേരിട്ട് പണമടക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.
രണ്ടാം ഘട്ടമെന്ന നിലയിലാണ് ഈ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മഷ്രിക് ബാങ്കിന്‍റെ നിയോപേ, നെറ്റ്വർക്ക് ഇന്‍റർനാഷനൽ, മാഗ്നാട്ടി തുടങ്ങിയ പെയ്മെന്‍റ് സേവന ദാതാക്കളുടെ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാക്കുകയെന്ന് റിതേഷ് ഷുക്ല പറഞ്ഞു.
ഇന്ത്യയുടെ യു.പി.ഐയുടെയും യു.എ.ഇയുടെ ആനി (എ.എ.എൻ.ഐ) യുടെയും ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളുടെ സംയോജനം ഇതിനായി പൂർത്തിയാകേണ്ടതുണ്ട്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുളളിൽ യു.എ.ഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിലും ടാക്സികൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളിലും യു.പി.ഐ പെയ്മെന്‍റ് സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.