ദുബൈ: ചൊവ്വ ദൗത്യത്തിൽ പുതുചരിതമെഴുതാനും പുത്തൻ അറിവുകൾ പങ്കിടാനും യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബും നാസയുടെ പേടകം മാവനും കൈകോർക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വയെ കുറിച്ച് മനുഷ്യരാശിക്ക് കൂടുതൽ അറിവു ലഭിക്കാൻ ഈ കരാർ ഉപകരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ചൊവ്വയിൽ വിജയകരമായി പ്രവേശിച്ച പേടകങ്ങളാണ് ഹോപ്പും മാവനും. ഇരു പേടകങ്ങളും ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ പരസ്പരം കൈമാറാനാണ് ധാരണ. ഇത് ശാസ്ത്രലോകത്ത് വലിയ നേട്ടങ്ങൾക്കിടയാക്കുമെന്നാണ് വിലയിരുത്തൽ. 2020ലാണ് യു.എ.ഇയുടെ ചൊവ്വ പേടകമായ ഹോപ് പ്രോബ് പുറപ്പെട്ടത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിജയകരമായി ചൊവ്വയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇപ്പോഴും നിരവധി ചിത്രങ്ങൾ ഹോപ് പകർത്തി അയക്കുന്നുണ്ട്. 2014ലാണ് മാവൻ ചൊവ്വയിലെത്തിയത്. ചൊവ്വയെ കുറിച്ച് കൂടുതൽ അറിവുകളിലേക്ക് വെളിച്ചം വീശാൻ സാധ്യതയുള്ള വിവരങ്ങൾ ഹോപ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ചൊവ്വയുടെ ഭ്രമണ പദത്തിൽനിന്ന് നിരീക്ഷിച്ച് പകർത്തിയ ചിത്രങ്ങളടക്കം 57ജിഗാബൈറ്റ് ഡാറ്റയാണ് പുതുതായി ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നു മുതൽ നവംബർ 30വരെ കണ്ടെത്തിയതാണ് ഈ വിവരങ്ങൾ. നേരത്തെ രണ്ടു തവണകളായി ഹോപ്പ്രോബ് വിലപ്പെട്ട നിരവധി വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.