ദാനവര്‍ഷം: രീതി ഏകോപനത്തിന് ഫെബ്രുവരി ഒന്നിന് കൂടിയിരിപ്പ് 

ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷത്തില്‍ നടപ്പാക്കാവുന്ന മികച്ച ആശയങ്ങളും ഉദ്യമങ്ങളും ചര്‍ച്ച ചെയ്യാന്‍ നൂറ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകരും ഫെബ്രുവരി ഒന്നിന്   ഒത്തുചേരും. 
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശപ്രകാരമാണ് ഈ ദേശീയതല കൂടിയിരിപ്പ്.  വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്ന  ആശയങ്ങള്‍ ദേശീയ തലത്തില്‍ കൃത്യതയോടെ എങ്ങിനെ പ്രായോഗികവത്കരിക്കാം എന്ന് ചര്‍ച്ച ചെയ്യുകയാണ് ‘നല്‍കലിലേക്ക് മടങ്ങല്‍’ എന്നു പേരിട്ട ആലോചനാ ദിനത്തിന്‍െറ ലക്ഷ്യം. ദാനം നല്‍കുന്നതിനുള്ള ജനങ്ങളുടെ ഉത്സാഹം  മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്ന രീതിയിലെ പ്രവര്‍ത്തനങ്ങളായി പരിവര്‍ത്തിപ്പിച്ചെടുക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു. 
ഉദാരത, ജീവകാരുണ്യ പ്രവര്‍ത്തനം, ഉത്തരവാദിത്വ ബോധം തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തികളിലും കോര്‍പ്പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശീലമാക്കാനാവണം.
ഓരോ മന്ത്രിയും ചുമതല വഹിക്കുന്ന ആറ് സ്തംഭങ്ങളിലൂന്നിയാണ് ദാനവര്‍ഷം മുന്നേറുക. വ്യവസായിക സാമൂഹിക ഉത്തരവാദിത്വത്തിന്‍െറ ചുമതല സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിക്കാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല സാമൂഹിക വികസന മന്ത്രി നജ്ല ബിന്‍ത് മുഹമ്മദ് ആല്‍ അവാര്‍ വഹിക്കും. മാനവിക സംഘടനകളുടെ വിഭാഗത്തിന്  അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി മേല്‍നോട്ടം വഹിക്കും. മാധ്യമ മേഖലയുടെ ഉത്തരവാദിത്വം സഹ മന്ത്രിയും നാഷനല്‍ മീഡിയാ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബറിനാണ്. 
നിയമ നിര്‍മാണം, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം സന്തോഷ കാര്യ സഹമന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി വഹിക്കും. രാഷ്ട്ര സേവന വിഭാഗത്തിന്‍െറ ഉത്തരവാദിത്വം യുവജന കാര്യ സഹമന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂഇക്കാണ്. പൊതു സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തെ ഉറപ്പിക്കാനും സന്നദ്ധ സംഘടനാ മേഖലയെ മികച്ച രീതിയില്‍ രൂപപ്പെടുത്താനും പദ്ധതികള്‍ ആവിഷ്കരിക്കും.  പ്രാദേശിക, ഫെഡറല്‍ ഭരണകൂടങ്ങളും സ്വകാര്യ മേഖലയും ചെയ്യേണ്ട പ്രവര്‍ത്തികള്‍ ദാന വര്‍ഷത്തിന്‍െറ ഉന്നത തല സമിതി ഏകോപിപ്പിക്കും.  

News Summary - uae year of giving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.