ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മന്ത്രിസഭായോഗം
ദുബൈ: 2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. 9,240 കോടി ദിർഹം വരുമാനവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് തിങ്കളാഴ്ച രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക, സഹകരണ മേഖലകളിൽ 35 അന്താരാഷ്ട്ര കരാറുകളും മെമ്മോറാണ്ടങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
സർക്കാർ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി ഫെഡറൽ ബജറ്റിൽ നിന്ന് വാർഷിക ഫണ്ട് വകയിരുത്തൽ വർധിപ്പിക്കുന്നതിനും ഫെഡറൽ ഫിനാൻഷ്യൽ സെന്ററിനെ പിന്തുണക്കുന്നതിനായുള്ള പ്രത്യേക പദ്ധതിക്കും ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. നമ്മുടെ ബജറ്റ് സന്തുലിതമാണെന്നും നിക്ഷേപം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗശേഷം ശൈഖ് മുഹമ്മദ് പറഞ്ഞു. കൂടാതെ നമ്മുടെ വിദേശ വ്യാപാരം കുതിക്കുകയും സമ്പദ്വ്യവസ്ഥ വളരുകയുമാണ്. ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്ന അറബ് രാജ്യങ്ങളിൽ ഒന്നാമതും മികച്ച 20 ആഗോള സമ്പദ്വ്യവസ്ഥകളിൽ ഒന്നുമാണ് യു.എ.ഇ എന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
2024ൽ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ദേശീയ അജണ്ടയുടെ ഫലങ്ങൾ മന്ത്രിസഭ വിലയിരുത്തി. 2024ൽ രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 1.5 ലക്ഷം കോടി ദിർഹത്തിലെത്തിയിരുന്നു. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് ഈ രംഗത്തെ വളർച്ച. 2019 മുതൽ 2024 വരെ യു.എ.ഇ കയറ്റുമതി വികസന നയം നടപ്പിലാക്കിയതിന്റെ ഫലമായി വിദേശ നിക്ഷേപം ഏകദേശം 4700 കോടി ദിർഹത്തിൽ നിന്ന് 9500 കോടി ദിർഹമായി വർധിച്ചു. അതായത് 103 ശതമാനത്തിന്റെ വർധനവാണ് വിദേശനിക്ഷേപ രംഗത്ത് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.