കാരുണ്യ നയങ്ങളുമായി യു.എ.ഇ

ദുബൈ: റമദാൻ മാസവും കോവിഡ് പ്രതിസന്ധിയും മുൻനിർത്തി ജനങ്ങൾക്കും സംരംഭകർക്കും ആശ്വാസം പകരുന്ന കാരുണ്യ നടപടികളുമായി വീണ്ടും യു.എ.ഇ ഭരണാധികാരികൾ. 100 മില്യൺ മീൽസ് ദൗത്യത്തിനും തടവുകാരെ വിട്ടയച്ചതിനും പിന്നാലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ഫീസിളവ് ഉൾപെടെ പ്രഖ്യാപിച്ചിരിക്കുകയാണ്.

റാസൽ ഖൈമയിൽ പരിസ്​ഥിതി നിയമ ലംഘനം സംബന്ധമായ പിഴകൾക്ക്​ 50 ശതമാനം ഇളവ് നൽകുമെന്ന് റാക് പബ്ലിക് സർവീസ് ഡിപാർട്മെൻറ് അറിയിച്ചു. റാസൽഖൈമയിലെ താമസക്കാർക്ക്​ റമദാൻ മാസത്തിലാണ് ഇളവ് ലഭിക്കുക. മാലിന്യം നിക്ഷേപിക്കൽ, പൊതുസ്ഥലത്ത് തുപ്പൽ തുപ്പൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക്​ ചുമത്തപ്പെട്ട പിഴകളാണവ. ജനങ്ങളിൽ പരിസ്ഥിതി ബോധം ഉണർത്താൻ വേണ്ടിയാണ് പുണ്യമാസത്തിൽ പിഴയിളവ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പിഴ ലഭിച്ചവർക്ക് തിരിച്ചടവിന് പ്രേരണയാകും പിഴയിളവ് എന്നും പ്രതീക്ഷിക്കുന്നു.

അബൂദബിയിൽ ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകൾ ഒഴിവാക്കിയതായി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂൺ 30 വരെയാണ് ഇളവ്. കോവിഡ്​ വ്യാപനം ടൂറിസം-ഹോട്ടൽ മേഖലകൾക്ക്​ തിരിച്ചടിയായ സാഹചര്യത്തിലാണ് അവർക്ക് കൈത്താങ്ങാവാൻ ഇളവ് പ്രഖ്യാപിച്ചത്. അബൂദബി എക്സിക്യൂട്ടീവ് കൗൺസിലിേൻറതാണ് തീരുമാനം. കോവിഡ് തുടങ്ങിയ കാലം മുതൽ ഹോട്ടൽ മേഖലക്കായി നിരവധി ഇളവുകൾ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.

ഷാർജയിൽ വൈദ്യുതി ബില്ല് അടക്കാനുള്ള സമയം നീട്ടി നൽകി.1000 ദിർഹമിന് താഴെ ബില്ലുള്ള സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ് ഇളവ് നൽകിയത്. നേരത്തേ ഏഴ് ദിവസമാണ് ഇളവ് അനുവദിച്ചിരുന്നത്. പിഴയില്ലാതെ വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകൾ അടക്കാൻ സമയം നീട്ടിനൽകണമെന്ന പൊതുജനാഭ്യാർഥന മാനിച്ചാണ് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ (SEWGA) തീരുമാനം. ബിൽ തുക ആയിരം ദിർഹമിന് മുകളിലാണെങ്കിൽ 15 ദിവസം ഗ്രേസ് പിരിഡ് അനുവദിക്കും.

നേരത്തേ ഇത്​ ഏഴ് ദിവസമായിരുന്നു. അനുവദിച്ച സമയത്തിനകം ബില്ലടച്ചില്ലെങ്കിൽ 25 ദിർഹം പിഴ ഈടാക്കും. എന്നാൽ, അടക്കാൻ ബാക്കിയുള്ള തുക 300 ദിർഹമിൽ താഴെയാണെങ്കിൽ പിഴ ഈടാക്കില്ലെന്നും കസ്റ്റമർ സർവീസ് ഡയറക്ടർ ഹമദ് താഹിർ അൽ ഹാജ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.