ദുബൈ: സർക്കാർ ജീവനക്കാരുടെ പ്രകടനവും സന്തോഷവും വിലയിരുത്താനും അതുവഴി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഏർപ്പെടുത്തിയ ഹാപ്പിനസ് ഇൻഡക്സിൽ (സന്തോഷസൂചിക) ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ ജീവനക്കാർ ഒന്നാമതെത്തി. പബ്ലിക് പ്രോസിക്യൂഷൻ രണ്ടാം സ്ഥാനവും ദുബൈ പൊലീസ് മൂന്നാം സ്ഥാനവും നേടി. വിജയികളെ അഭിനന്ദിക്കുന്നതായി ശൈഖ് ഹംദാൻ അറിയിച്ചു. ഹംദാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ജീവനക്കാരുടെ പ്രകടനം വിലയിരുത്തി.
അതേസമയം, ജീവനക്കാർക്ക് സന്തോഷവും മികച്ച ജോലി അന്തരീക്ഷവും പ്രദാനംചെയ്യാത്ത 10 സ്ഥാപനങ്ങളെയും കണ്ടെത്തി. ഇവരോട് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് ഹംദാൻ നിർദേശിച്ചു. ജീവനക്കാരുടെ സന്തോഷം എന്നതിലുപരിയായി ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെ സർവേ നടത്തിയാണ് ഹാപ്പിനസ് ഇൻഡക്സ് തയാറാക്കുന്നത്. ഒാരോ വകുപ്പുകളിലെയും ജീവനക്കാരിൽനിന്നും ഉപഭോക്താക്കളിൽനിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച് തയാറാക്കിയ സൂചിക ശൈഖ് ഹംദാെൻറ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ശരാശരി കണക്കാക്കുേമ്പാൾ ദുബൈ ഗവൺമെൻറ് ജീവനക്കാരിൽ 85 ശതമാനം പേരും സന്തോഷവാന്മാരാണ്.
മുന്നിലെത്തിയ ദുബൈ സ്റ്റാറ്റിസ്ക്സ് സെൻററിലെ 97.16 ശതമാനം ജീവനക്കാരും ഉപഭോക്താക്കളും സംതൃപ്തരാണ്. പബ്ലിക് പ്രോസിക്യൂഷന് 93.56 ശതമാനവും ദുബൈ പൊലീസിന് 91.95 ശതമാനവും മാർക്ക് ലഭിച്ചു. ഏറ്റവും പിന്നിൽ ദുബൈ സാംസ്കാരിക വകുപ്പാണ്. 60.09 ശതമാനം ജീവനക്കാർ മാത്രമാണ് ഇവിടെ സന്തോഷപ്രദമായി ജോലി ചെയ്യുന്നത്. സ്പോർട്സ് കൗൺസിൽ ഒമ്പതാം സ്ഥാനം നേടിയപ്പോൾ ആർ.ടി.എക്ക് ലഭിച്ചത് 12ാം സ്ഥാനമാണ്. ജീവനക്കാരുടെ സന്തോഷത്തിന് ദുബൈ സർക്കാർ ഏറെ പ്രാധാന്യം നൽകുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു.
ഇൗ സന്തോഷം ഉപഭോക്താക്കൾക്ക് പകർന്നു നൽകണം. സന്തോഷമുള്ള തൊഴിലന്തരീക്ഷം ഉണ്ടായാൽ മാത്രമേ ടീം വർക്ക് യാഥാർഥ്യമാവുകയുള്ളൂ. ഇൻഡക്സ് പ്രകാരം വിശ്വസ്തതക്കാണ് ഏറ്റവുമധികം മാർക്ക് ലഭിച്ചിരിക്കുന്നത്. നമ്മൾ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നത് എന്നതിെൻറ തെളിവാണിത്. ലോകത്തിലെ ഏറ്റവും മികച്ച തൊഴിലന്തരീക്ഷമുള്ള വിഭാഗമായി ദുബൈ സർക്കാറിനെ മാറ്റണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആഗ്രഹം സഫലീകരിക്കാൻ ഒരുമിച്ചുനിൽക്കണമെന്നും ഹംദാൻ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.