ഷാർജയിൽ മലിന ജല സംസ്കരണ പ്ലാന്‍റ്​ വിപുലീകരിക്കുന്നു; 2027ൽ പദ്ധതി പൂർത്തിയാകും

ഷാർജ: എമിറേറ്റിലെ വിവിധ താമസ മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ ഓവുചാൽ ശൃംഖലകളുടെയും മലിന ജല സംസ്കരണ പ്ലാന്‍റിന്‍റെയും വിപുലീകരണം പ്രഖ്യാപിച്ചു. വാരാന്ത്യ റേഡിയോ പരി​പാടിയായ ഡയറക്ട്​ ലൈനിൽ ഷാർജയിലെ പൊതുമരാമത്ത്​ ഡിപാർട്ട്​മെന്‍റിന്‍റെ ജനറൽ സർവിസസ്​ ഡയറക്ടർ എൻജീനിയർ ഹിന്ദ്​ അൽ ഹാഷിമിയാണ്​ മലിന ജല പ്ലാന്‍റിന്‍റെ വിപുലീകരണം പ്രഖ്യാപിച്ചത്​. നിരവധി വാണിജ്യ, താമസ മേഖലകൾക്ക്​ സമഗ്രമായ ഈ വിപുലീകരണ പദ്ധതി പ്രയോജനപ്പെടും. അടുത്ത വർഷത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന്​ അവർ പറഞ്ഞു. അൽ ഖൂസ്​, അൽ റംസ, അൽ റമാഖിയ, അൽ സുവൈഹാത്ത്​ എന്നിവ ഉൾപ്പെടെയുള്ള താമസ മേഖലകളിൽ നിരവധി വികസന പദ്ധതികൾ അടുത്തിടെ പൊതുമരാമത്ത്​ വകുപ്പ്​ പൂർത്തീകരിച്ചിട്ടുണ്ട്​. അഞ്ചാം​ വ്യവസായ മേഖലയിലുള്ള സംസ്കരണ പ്ലാന്‍റിന്‍റെ ശേഷി വികസിപ്പിക്കുന്ന പദ്ധതിയും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്​. ഭാവിയിൽ അൽ യാഷ്​, മുവൈല മേഖലകളിൽ പുതിയ ഓവുചാൽ ശൃംഖലകൾ സ്ഥാപിക്കാൻ വകുപ്പ്​ ഒരുങ്ങുകയാണ്​. 2027ന്‍റെ ആദ്യ പാദത്തിന്‍റെ തുടക്കത്തോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാവും.

അൽ ഗാഫിയ ജില്ലയിൽ ഓവുചാൽ ശൃംഖലയുടെ പ്രാഥമിക രൂപരേഖ ഇതിനകം തയ്യാറായിക്കഴിഞ്ഞു. പൊതുജനങ്ങളുടെ പ്രയാസം കുറക്കുന്നതിനായി ഷാർജ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുമായി കൈകോർത്ത്​ സംയോജിതമായ റോഡ്​, നെറ്റ്​വർക്ക്​ വികസനവും എസ്​.ഡി.പി.ഡബ്ല്യൂ നടപ്പിലാക്കും. പൊതുജനങ്ങൾക്ക്​ പ്രയാസം സൃഷ്ടിക്കാത്ത രൂപത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.

മുവൈല വാണിജ്യ മേഖല, ഇൻഡസ്​ട്രിയൽ ഏരിയ 15-17, യൂനിവേഴ്​സിറ്റി സിറ്റി, അൽ ജുറൈന, അൽ ഖുറെയ്​ൻ, അൽ നഊഫ്​ എന്നിവിടങ്ങൾക്ക്​ പ്രയോജനം ലഭിക്കുന്ന അൽ ഹൗമ ട്രീറ്റ്​മെന്‍റ്​ പ്ലാന്‍റ്​ വികസനത്തിനാണ്​ പദ്ധതിയുടെ പ്രധാന പരിഗണന. ആദ്യ ഘട്ടത്തിൽ പ്ലാന്‍റിന്‍റെ ശേഷി 30,000 ക്യൂബിക്​ മീറ്ററായി വികസിപ്പിച്ചിരുന്നു. ഇത്​ 90,000 ക്യൂബിക്​ മീറ്ററായി ഉയർത്തുകയാണ്​ ലക്ഷ്യം.

Tags:    
News Summary - Sharjah wastewater treatment plant expansion to be completed in 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.