അൽഐൻ: 10 ദിവസത്തോളം ആരോരുമില്ലാതെ ദുരിതത്തിൽ കഴിയേണ്ടിവന്ന പഞ്ചാബ് സ്വദേശി സത്നാം സിങ് ഒടുവിൽ നാടണഞ്ഞു. അബൂദബിയിൽനിന്ന് അമൃത്സറിലേക്കുള്ള ചാർട്ടേഡ് വിമാനത്തിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ജന്മനാടായ ജലന്ധറിലെത്തിയത്. കോവിഡ് പ്രതിസന്ധിമൂലം നാട്ടിലേക്കു മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സമാധാനം പകരാൻ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി മുഖേനെയാണ് സത്നാം സിങ്ങിന് ടിക്കറ്റ് ലഭ്യമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ദുരിതപ്പെരുവഴിയിലായ സത്നാമിനെക്കുറിച്ച് അൽഐനിലെ പ്രവാസി ഇന്ത്യ പ്രവർത്തകർക്ക് വിവരം ലഭിക്കുന്നത്. ഉടനെ അവർ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏർപ്പെടുത്തിക്കൊടുത്തു.
ഭക്ഷണം കഴിക്കാൻ വഴിയില്ലാതെ ഫോൺ വിറ്റതിനാൽ അദ്ദേഹത്തിന് കുടുംബവുമായി ബന്ധപ്പെടാനും മാർഗമില്ലായിരുന്നു.
മടങ്ങാനാണ് താൽപര്യം എന്നറിഞ്ഞതോടെ കുടുംബവുമായി ബന്ധപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിസ കാലാവധി കഴിഞ്ഞശേഷം തങ്ങിയതിനുള്ള പിഴ പ്രവാസി ഇന്ത്യ അടച്ചു. ടിക്കറ്റ് മിഷൻ വിങ്സ് ഓഫ് കംപാഷൻ വഴിയും ലഭിച്ചു. നാട്ടിലെത്തിയാൽ അത്യാവശ്യ ചെലവിനുള്ള തുകയും കുടുംബത്തിനും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളും ചോക്ലറ്റുകളും മറ്റും നിറച്ച പെട്ടിയും കെട്ടി കൊടുത്താണ് സന്നദ്ധ പ്രവർത്തകർ സത്നാമിനെ അബൂദബി വിമാനത്താവളത്തിൽ എത്തിച്ചുകൊടുത്തത്. തന്നെ ഒരു സഹോദരനെപ്പോലെ സ്നേഹിച്ച് സംരക്ഷിച്ച മലയാളികളെ ഒരിക്കലും മറക്കില്ലെന്ന് സത്നാം പറഞ്ഞു. പ്രവാസി ഇന്ത്യ അൽഐൻ ഭാരവാഹികളായ ജാബിർ മാടമ്പാട്ട്, സെൻ, നജ്മുദ്ദീൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയാക്കി. അൽഐനിൽ ജോലി ചെയ്യുന്ന ജലന്ധർ സ്വദേശികളുമായി ബന്ധപ്പെട്ട് സത്നാമിന് നാട്ടിൽ ക്വാറൻറീനിൽ കഴിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.