അബൂദബി: കോവിഡ്19 രോഗത്തിനെതിരെ കർശന പ്രതിരോധവും സുരക്ഷ നടപടികളുമായി അബൂദബി എമിറേറ്റിലെ കൂടുതൽ പൊതു ബീച്ചുകളും പാർക്കുകളും വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുന്നു. ആദ്യ ഘട്ടമായി ഏതാനും ബീച്ചുകളും പാർക്കുകളും ഈ മാസം മൂന്നു മുതൽ അബൂദബി എമിറേറ്റിൽ തുറന്നിരുന്നു. രണ്ടാം ഘട്ടമായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിനു കീഴിൽ അബൂദബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ കൂടുതൽ പൊതു പാർക്കുകളും ബീച്ചുകളും 40 ശതമാനം ശേഷിയിൽ വീണ്ടും തുറക്കുന്നതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. അണുനശീകരണ ജോലികൾ പൂർത്തീകരിച്ചാണ് പൊതു പാർക്കുകളും ബീച്ചുകളും അനുബന്ധ സൗകര്യങ്ങളും പൊതു ജനങ്ങൾക്കായി വീണ്ടും തുറക്കുന്നത്.
പാർക്കുകളുടെ പ്രവേശന കവാടങ്ങളിൽ താപ കാമറകൾ സ്ഥാപിക്കും. ഒരു ഗ്രൂപ്പിൽ പരമാവധി നാല് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. എല്ലാ ബീച്ച് യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. എന്നാൽ, ബീച്ചിലെ ഷവർ സൗകര്യങ്ങൾ അടക്കും. ഭക്ഷണ പാനീയ ഔട്ട്ലെറ്റുകൾ 30 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുക. ഒരു ടേബിളിൽ പരമാവധി നാല് പേർക്കു മാത്രം ഇരിക്കാം.
ടേബിളുകൾക്കിടയിൽ കുറഞ്ഞത് 2.5 മീറ്റർ അകലം പാലിക്കണം. പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങളെല്ലാം അടക്കും. വാഹനങ്ങളുടെ പാർക്കിങ് ബേകൾ 50 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.