ദുബൈ: നാട്ടിൽ കുടുങ്ങിയ കുഞ്ഞുമക്കൾ തിരികെയെത്തുന്നതും കാത്ത് കണ്ണീരോടെ കഴിയുന്ന അമ്മമാരുടെ പ്രാർഥനകൾക്ക് പരിഹാരമാകുന്നു. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ 12 മുതൽ വിമാന സർവീസ് ആരംഭിക്കും. ഇതിനായി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 26 വരെയുള്ള ബുക്കിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വന്ദേഭാരത് മിഷനിൽ ഉൾപെടുത്തിയാണ് സർവീസ് തുടങ്ങുന്നത്. യു.എ.ഇയിൽ താമസ വിസയുള്ളവർക്ക് മാത്രമാണ് നിലവിൽ അവസരം.
കേരളത്തിൽ നിന്ന് 51 വിമാനങ്ങളാണ് ഏർപെടുത്തിയത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം ഒമ്പത്, കണ്ണൂർ ആറ് എന്നിങ്ങനെയാണ് വിമാനങ്ങളുടെ എണ്ണം. അബൂദബി, ഷാർജ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് സർവീസ്. മടങ്ങിയെത്തുന്നവർക്ക് അംഗീകൃത ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്രക്ക് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നുളള യാത്രക്കാർക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവധിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോയ ആളുകൾക്ക് തിരികെയെത്താൻ കഴിയാതെയായി.
യു.എ.ഇ വ്യോമാതിർത്തികൾ തുറക്കുകയും ഇവിടെ നിന്ന് ആളുകൾക്ക് ഇന്ത്യയിലേക്ക് പറക്കാൻ അനുമതി ലഭിക്കുകയും ചെയ്തെങ്കിലും ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കാത്തതിനാൽ നാലു മാസമായി മടങ്ങി വരാനാവാതെ ആളുകൾ നാട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. യു.എ.ഇയിൽ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടും എന്ന ആശങ്കയിൽ കഴിയുന്നവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. നാട്ടിൽ കുടുങ്ങിയ മക്കളെ യു.എ.ഇയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മമാരും കാമ്പയിൻ തുടങ്ങിയിരുന്നു. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ യു.എ.ഇയിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിലും ഇന്ത്യ ഇതിനോട് മുഖം തിരിച്ചു നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
മടങ്ങിയെത്തേണ്ടവർ ചെയ്യേണ്ടത്
യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൻഷിപ്പിെൻറ (െഎ.സി.എ) വെബ്സൈറ്റിൽ (smartservices.ica.gov.ae) രജിസ്റ്റർ ചെയ്ത് അനുമതി നേടിയ ശേഷം വേണം ടിക്കറ്റെടുക്കാൻ. www.airindiaexpress.in എന്ന വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. അംഗീകൃത ട്രാവൽ ഏജൻറുമാർ, കാൾ സെൻറർ എന്നിവ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർ കോവിഡുമായി ബന്ധപ്പെട്ട് യു.എ.ഇ പുറത്തിറക്കിയ ഡി.എക്സ്.ബി സ്മാർട്ട് ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിൽ ഹെൽത്ത് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. യാത്രക്ക് മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.