അബൂദബി: കോവിഡ്-19 രോഗം മൂലം ഉണ്ടാകാവുന്ന ന്യൂമോണിയ നിർണയത്തിന് കമ്പ്യൂട്ടർവത്കൃത ടോമോഗ്രഫി (സി.ടി) സ്കാൻ സേവനം. അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ കീഴിലുള്ള അൽഐൻ ആശുപത്രിയിലാണ് യു.എ.ഇയിൽ ആദ്യമായി ഇത്തരമൊരു സി.ടി സ്കാനിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അൽഐൻ ആശുപത്രിയിലെ ഈ ഹെൽത്ത് കെയർ സൗകര്യം 3,000 രോഗികൾക്ക് ഇതുവരെ പ്രയോജനപ്പെട്ടു. കോവിഡ് ബാധിതരിൽ കാണുന്ന സാധാരണ പാർശ്വഫലമായ ന്യൂമോണിയ സാധ്യത വേഗത്തിൽ വിലയിരുത്തുന്നതിനും രോഗികൾക്ക് സുരക്ഷിത ചികിത്സ ഉറപ്പാക്കുന്നതിനും 16 സ്ലൈസ് മൊബൈൽ സി.ടി സ്കാനർ സഹായിക്കുന്നു. ന്യൂമോണിയ നേരത്തെ കണ്ടെത്തുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് സെഹ അധികൃതർ അറിയിച്ചു.
ഒറ്റ സ്കാനിലൂടെ കൂടുതൽ ഭാഗങ്ങളിലെ അണുബാധ കണ്ടെത്താനാവും. ഉയർന്ന നിലവാരത്തിൽ കൂടുതൽ കൃത്യതയോടെ കോവിഡ് രോഗികളുടെ ശ്വാസകോശ ചിത്രങ്ങൾ പകർത്തുന്നു. മണിക്കൂറിൽ ശരാശരി എട്ട് രോഗികളെ പരിശോധിക്കും. പരിചരണത്തിനും ഗുണനിലവാര നിർണയത്തിനും തടസ്സമില്ലാതെ അണുബാധ വേഗത്തിൽ കുറക്കാൻ കഴിയുമെന്നതുമാണ് നേട്ടം. ന്യൂമോണിയയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തുന്നതോടെ രോഗ ചികിത്സ മെച്ചപ്പെടുത്താനും രോഗികൾ കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് പോകാനുള്ള സാധ്യത ലഘൂകരിക്കാനും കഴിയുമെന്ന് അൽഐൻ ആശുപത്രിയിലെ കൺസൾട്ടൻറും റേഡിയോളജി ആൻഡ് ഇൻറർവെൻഷൻ മേധാവിയുമായ ഡോ. ജമാൽ അൽദിൻ അൽ ഖുതൈഷ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.