ഷാർജ: ഇറാനിൽനിന്ന് മടങ്ങുംവഴി ഷാർജ തീരത്ത് അകപ്പെട്ട മൂന്നു മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ശ്രമം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ആറു ദിവസമായി കപ്പലിൽ തുടരുന്ന തിരുവനന്തപുരം സ്വദേശി ഷിബു, പാലക്കാട് സ്വദേശി രജീഷ് മാണി, കോഴിക്കോട് സ്വദേശി പ്രകാശൻ എന്നിവരുൾപ്പെടെയുള്ള 12 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നത്. നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ നയതന്ത്രകാര്യാലയവുമായി കൂടിയാലോചന നടത്തിവരുകയാണെന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളിൽ ഇവരെ കരക്കെത്തിക്കാൻ വഴിതെളിയുമെന്നാണ് അധികൃതർ ഉറപ്പുനൽകുന്നത്. ആഹാരവും വെള്ളവുമെല്ലാം തീർന്നതിനെ തുടർന്ന് ജീവനക്കാർ അവശരാണ്. കോവിഡ് ബാധ നിലനിൽക്കുന്നതിനാൽ സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം പൂർത്തിയാകുന്നമുറക്ക് മാത്രമേ ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകുകയുള്ളു. ദുബൈ ആസ്ഥാനമായ സിയാൻ വെസൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ മൂന്നുമാസത്തെ ജോലിക്കായി ഇറാനിലേക്ക് പോയതായിരുന്നു. ഇറാനിയൻ ക്രൂ അംഗങ്ങളെ അവിടെ ഇറക്കിയ ശേഷം ഷാർജയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.