ദുബൈ: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്ത് വാടകക്ക് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് സൈക്കിളുകള്‍ ദുബൈയിലുടനീളം സവാരിക്ക് സജ്ജമാകുന്നു. സ്വകാര്യ ടാക്സി സേവനദാതാക്ക ളായ ‘കരീമു’മായി ചേർന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്.ടി. എ) പദ്ധതി നടപ്പാക്കുന്നത്. വാടക സൈക്കിളുകള്‍ നിരത്തിലിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഡോക്കിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പണികളും പൂര്‍ത്തിയായി. മെട്രോ സ്റ്റേഷന്, ബസ് സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ സഹായിക്കും വിധമാണ് സൈക്കിളുകള്‍ വിന്യസിക്കുന്നത്. ദിവസവാടകക്കും വാര്‍ഷിക വാടകക്കും ഇവ ലഭിക്കും. ആദ്യഘട്ടത്തിൽ കറാമ, മറീന, ജുമൈറ, ദുബൈ വാട്ടര്‍ കനാല്‍, ദേര, ഖവാനീജ്, അല്‍ഖുദ്റ, ഖിസൈസ്, മങ്കൂള്‍, ബര്‍ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സൈക്കിള്‍ സേവനം ലഭ്യമാകുക.
‘കരീം’ ബൈക്ക് ആപ് വഴി പണമടച്ച് സൈക്കിൾ ബുക്ക് ചെയ്യാനാകും. ആപ്പിൽ ലഭ്യമാകുന്ന കോഡ് ഉപയോഗിച്ച് അൺലോക്ക് ചെയ്ത് സൈക്കിൾ എടുക്കാം. 24 മണിക്കൂറും ലഭ്യമാകും. തൊട്ടടുത്തുള്ള സ്റ്റേഷൻ വിവരങ്ങൾ, നിരക്കുകള്‍ എന്നിവ ആപ്പില്‍ ലഭിക്കും. സേവനം ആരംഭിക്കുന്ന വിവരങ്ങളും നിരക്കുകളും ആര്.ടി.എ ഉടന്‍ പ്രഖ്യാപിക്കും.എമിറേറ്റിലെ 350 സ്മാര്‍ട്ട് ഡോക്കിങ് സ്റ്റേഷനുകളില്‍നിന്നായി 3500 സ്മാര്‍ട്ട് വാടക സൈക്കിളുകള്‍ തുടങ്ങാനുള്ള പദ്ധതിക്ക് 2019നവംബറിലാണ് ആര്.ടി.എ കരീം കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. തുടക്കത്തില്‍ 80 സ്റ്റേഷനുകളും 800 സൈക്കിളുകളുമാണ് സജ്ജീകരിക്കുന്നത്. സൈക്കിളുകള്‍ നിരത്തിവെക്കാനുള്ള റാക്കുകളും സമാര്‍ട്ട് കിയോസ്കും അടങ്ങിയതാണ് ഡോക്കിങ് സ്റ്റേഷന്. സൗരോര്‍ജത്തില്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതും പെഡല്‍ ചിവിട്ടി സഞ്ചരിക്കാന്‍ കഴിയുന്നതുമായ സൈക്കിളുകള്‍ ഇക്കൂട്ടത്തിലുണ്ടാകും. നഗരത്തിലെ യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനാണ് ആര്.ടി.എയുടെ നടപടി.
ജി.പി.എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന ഈ സൈക്കിളുകള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാം. സമ്പൂര്‍ണ ഇലക്ട്രിക് സൈക്കിളുകളില്നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ പെഡല്‍ ചവിട്ടിക്കൊടുത്താല് വേഗം കൈവരിച്ച് സ്വയം നീങ്ങിത്തുടങ്ങുന്നവയാണ് ഇൗ സൈക്കിളുകള്‍. ദീര്‍ഘദൂരം യാത്രചെയ്യേണ്ടിവരുമ്പോള്‍ പെഡല്‍ ചവിട്ടി ക്ഷീണിക്കേണ്ട എന്നതാണ് ഇവയുടെ ഗുണം. പെഡല്‍ സഹായത്തോടെയുള്ള ഇലക്ട്രിക് സൈക്കിള്‍ പദ്ധതി മേഖലയില്‍ ആദ്യമാണെന്ന് ആര്.ടി.എ വ്യക്തമാക്കി. സൈക്കിൾ യാത്രയടക്കം എല്ലാവിധ യാത്രകളും സുഗമമാക്കാനുള്ള സോഫ്റ്റ് മൊബിലിറ്റി പ്രോജക്ടിെൻറ ഭാഗമായുള്ളതാണ് പദ്ധതി. 2021നകം 175 ഡോക്കിങ് സ്റ്റേഷനുകളിൽ 1,750 സൈക്കിളുകൾ ലഭ്യമാക്കുന്നതാണ് ആദ്യഘട്ടം. നഗരത്തിലെ തിരക്ക് ലഘൂകരിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി നടപ്പാക്കുന്നതോടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ദുബൈയില്‍ നിലവിൽ 274 കിലോമീറ്റർ സൈക്കിൾ ട്രാക്കുണ്ട്. 2023 ആകുമ്പോഴേക്കും 631.7 കിലോമീറ്റർ സൈക്കിൾ ട്രാക്ക് പൂര്‍ത്തിയാക്കുന്ന ബൃഹത് പദ്ധതിയും ദുബൈയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.