ഷാർജ: രാത്രി ഷാർജ-അജ്മാൻ റോഡിൽ വാഹനം കേടുപറ്റി പെട്ടുപോയാലുള്ള ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവൂ. സഹായം തേടി ഒരാളെ വിളിക്കാൻ പോലും പ്രയാസകരമ ാവും. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളിലുള്ളവർ നമ്മുടെ സഹായാഭ്യർഥന കാണുകയുമില്ല. കഴിഞ്ഞ ദിവസം കശ്മീർ സ്വദേശി ഖാസിം ബട്ട് അത്തരമൊരു കുരുക്കിൽപ്പെട്ടു. കുടുംബവുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെ വണ്ടിയുടെ ടയർ പഞ്ചറാവുകയായിരുന്നു. വാഹനമെടുത്ത് പുറത്തിറങ്ങാൻ തോന്നിയ ആ സമയത്തെപ്പഴിച്ച് വാഹനങ്ങൾക്കെല്ലാം നേരെ കൈനീട്ടി നോക്കിയെങ്കിലും ശ്രമം വിജയം കണ്ടില്ല. അന്നേരമുണ്ട് കന്തൂറ ധരിച്ച, ശിരോവസ്ത്രമണിഞ്ഞ ഒരു താടിക്കാരൻ ഇമറാത്തി മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പരിഭ്രമിക്കേണ്ടതില്ല എന്നാശ്വസിപ്പിച്ചു, കൂടുതലൊന്നും അന്വേഷിക്കാൻ നിൽക്കാതെ അദ്ദേഹം ജോലി ആരംഭിച്ചു.
പരിചയ സമ്പന്നനായ ഒരു മെക്കാനിക്കിനെപ്പോലെ ടയർ അഴിക്കാൻ തുടങ്ങി. അതിനിടെ കാപ്പിയുമായി വന്ന ഇമറാത്തിയുടെ സുഹൃത്ത് ടയർ മാറ്റുന്ന ആളെ അറിയുമോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഖാസിം ബട്ടിെൻറ മറുപടി. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ചെയർമാൻ ഡോ. റാഷിദ് അൽല്ലീമാണ് ടയർ മാറ്റുന്നത് എന്ന് അപരൻ അറിയച്ചതും ഖാസിം അക്ഷരാർഥത്തിൽ ഞെട്ടി. മുറിഞ്ഞ വാക്കുകളിൽ നന്ദി പറഞ്ഞ ഖാസിമിന് പുഞ്ചിരിയും ആശംസകളും സമ്മാനിച്ച് ഡോ. അൽല്ലീം ജോലി തീർത്ത് പോവുകയും ചെയ്തു. സുഹൃത്തുമൊത്ത് കാപ്പി കുടിക്കാനിറങ്ങിയതായിരുന്നു ഡോ. അൽല്ലീം. അതിനിടയിലാണ് വാഹനം കേടായി വഴിയിൽ നിൽക്കുന്ന കുടുംബത്തെ ശ്രദ്ധയിൽപ്പെട്ടതും സഹായിക്കാനെത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.