റാസല്‍ഖൈമ: ചെക്ക് ഈടു നൽകി ചരക്കുകള്‍ സംഭരിച്ച മലയാളി യുവാവ് സ്ഥാപനങ്ങളെ വഞ്ചിച്ച് കോടികളുമായി മുങ്ങിയെന്ന് പരാതി. അല്‍ ബുഷ്റ സൂപ്പര്‍മാര്‍ക്കറ്റ് എല്‍.എല്‍.സി, അല്‍ മുഹറബ് ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിങ് എല്‍.എല്‍.സി തുടങ്ങിയ പേരുകളില്‍ റാസല്‍ഖൈമ ജുല്‍ഫാര്‍ ടവര്‍ (2905) കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്ന തൃശൂര്‍ ചാലക്കുടി മേലൂര്‍ സ്വദേശി രാജപ്പന് ബിജുവിനെതിരെയാണ് യു.എ.ഇയിലെ 25ഓളം സംരംഭകര്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. 10 കോടിയോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടി കുറഞ്ഞ വിലക്ക് മറിച്ചുവിറ്റ ശേഷം യു.എ.ഇ വിെട്ടന്നാണ് ആരോപണം. ഓര്‍ഡര്‍ നല്കിയ ചരക്കുകള്‍ വെയര്‍ ഹൗസില്‍ എത്തിക്കഴിഞ്ഞാല്‍ ചെക്ക് നല്കുന്ന രീതിയാണ് സ്ഥാപനം സ്വീകരിച്ച് വന്നതെന്ന് ചെക്ക് മടങ്ങിയ റാക് അല്‍ ഗൈലിലെ ക്യുതെം പൈപ്പ് നിര്‍മാണ സ്ഥാപനത്തിലെ സെയില്‍സ് മാനേജര്‍ അബ്ദുല്‍ഹസീബ് തങ്ങള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സംശയം ജനിപ്പിക്കാത്ത വിധം ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ച ഒാഫിസും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു സ്ഥാപനത്തിെൻറ പ്രവര്‍ത്തനം.
കണ്ണൂര്‍ സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയായിരുന്നു സെയില്‍സ് മാനേജര്‍. മലയാളിയെങ്കിലും ഇവര്‍ ഇംഗ്ലീഷിൽ മാത്രമാണ് സംസാരിച്ചിരുന്നത്. ഓഫിസിൽ മൂന്ന് സ്ത്രീ ജീവനക്കാരും നാല് പുരുഷ ജീവനക്കാരും ഉണ്ടായിരുന്നു. റാക് അല്‍ മാമൂറയില്‍ ബുഷ്റ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നു. ചെറുതും വലുതുമായ സ്ഥാപനങ്ങളില്‍നിന്ന് ചരക്കുകള്‍ മൊത്തത്തില്‍ എടുക്കുന്ന രീതിയാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്. ക്യുതെമ്മില്നിന്ന് 14,000 ദിര്‍ഹമിെൻറ ഇടപാടാണ് നടത്തിയത്. ഡിസംബര്‍ 25നായിരുന്നു ചെക്ക് തീയതി. മടങ്ങിയതിനെ തുടര്‍ന്ന് ഓഫിസിലും സൂപ്പര്‍ മാര്‍ക്കറ്റിലും എത്തിയപ്പോഴാണ് ചതി തിരിച്ചറിഞ്ഞത്. ഇതേ പോലെ വഞ്ചിക്കപ്പെട്ട നിരവധി പേരാണ് അന്ന് സ്ഥാപനത്തിൽ എത്തിയത്. ഈ ദിവസം പുലര്‍ച്ച 2.30വരെ ബുഷ്റ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നതായി വിവരമുണ്ട്.അല്‍ മാമൂറ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കോടതി മുഖാന്തരം പരാതി നല്‍കാനാണ് നിര്‍ദേശം ലഭിച്ചത്. ഉടമയും ജീവനക്കാരും യു.എ.ഇ വിട്ടതായാണ് സൂചന.
സ്ഥാപനങ്ങള്‍ക്ക് നേരിട്ട നഷ്ടം താനുള്‍പ്പെടെയുള്ള സെയില്‍സ് ജീവനക്കാര്‍ക്കും മേലുദ്യോഗസ്ഥർക്കും ഏറെ വിഷമം സൃഷ്ടിച്ചിരിക്കുകയാണെന്നും ഹസീബ് തുടര്‍ന്നു. ഇതിെൻറ അടിസ്ഥാനത്തിൽ റാക് ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് എസ്.എ. സലീമിെൻറ നേതൃത്വത്തില്‍ ചതിയിൽപെട്ടവരുടെ യോഗം അസോസിയേഷന് ഹാളില്‍ വിളിച്ചുചേര്‍ത്തു. യു.എ.ഇയില്‍ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം കേരള മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് സലീം യോഗത്തില്‍ അറിയിച്ചു. കുറ്റവാളികളെ പിടികൂടി ചതിയിൽപെട്ടവരുടെ നഷ്ടം നികത്താന്‍ എല്ലാ നടപടികളും സ്വീകരിക്കും.
കേരളത്തിനുതന്നെ അപമാനകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും സലീം അഭിപ്രായപ്പെട്ടു. ചോയ്ത്രം 2,00,000 ദിര്‍ഹം, അല്‍ മസൂദ് കമ്പ്യൂട്ടര്‍ 77,430, യുനിട്ര ഇൻറര്‍നാഷനല്‍ 6,34,119, മിഡില്‍ ഈസ്റ്റ് ട്രേഡിങ് 28,968, യുനികൈ ഫുഡ്സ് 8,000, അബ്രജ് അല്‍ ഖലീജി ഡീസല്‍ 84,942, റഹ്മത്ത് റസ്റ്റോറൻറ് 21,000, ചുനിലാല്‍ പുരുഷോത്തമന് എല്‍.എല്‍.സി 77,175, കെ.പി.എം ജി.ടി എല്‍.എല്‍.സി 1,52,719, അല്‍ ഹിലാല്‍ ട്രേഡിങ് കമ്പനി 18,300, മോഡേണ്‍ ജി.ടി 14,000, ഗാലക്സി ഇൻറര്‍നാഷനല്‍ 65,240, അല്‍ മറായ് 91,622, അല്‍ ഫൈറൂസ് പെര്‍ഫ്യൂംസ് 40,255, അല്‍ അഹ്ല ഓട്ടോ സ്പെയര്‍ പാര്‍ട്സ് 1,18,000, ട്രാന്‍സ്മെഡ് 39,000, അല്‍ തയ്ബ് ഡിസ്ട്രിബ്യൂഷന്‍ 75,889, മസാഫി 44,793, അല്ഫ മേഡ് അല്‍ ഖയാന്‍ 62,800, ക്വാണ്ടം ഇന്‍ഡസ്ട്രീസ് 14,026, അല്‍ അര്‍ദ് മൊബൈല്‍ 30,600, മായ് ദുബൈ 62,000, ഐകെയര്‍ മിസിഡ്റ്റ് 6,800, കാമി ഫുഡ് സ്റ്റഫ് ട്രേഡിങ് 30,000, പസിഫിക് പേപ്പര്‍ എല്‍.എല്‍.സി 22,600, അല്‍ മര്‍ജാന്‍ റെൻറ് എ കാര്‍ 31,569 ദിര്‍ഹം തുടങ്ങിയ സ്ഥാപനങ്ങളാണ് തട്ടിപ്പിനിരയായതെന്ന് റാക് ഇന്ത്യന്‍ അസോസിയേഷന് കമ്മിറ്റിയംഗം നാസര്‍ അല്‍ദാന യോഗത്തില്‍ വിശദീകരിച്ചു. ലിസ്റ്റ് ഇനിയും നീളാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. അഡ്വ. ബാലു, കിഷോര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.