വ്യവസായങ്ങൾക്ക്​ പിന്തുണ; 100 കോടിയുടെ ദേശീയ ഫണ്ടിന്​ അംഗീകാരം

ദുബൈ: രാജ്യത്തെ പ്രധാന വ്യവസായ മേഖലകളെ പിന്തുണക്കുന്നതിനായി 100 കോടി ദിർഹമിന്‍റെ ദേശീയ ഫണ്ട്​ സ്ഥാപിക്കുന്നതുൾപ്പെടെ വിവിധ സംരംഭങ്ങൾക്ക്​​​ അംഗീകാരം നൽകി യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. പ്രധാന വ്യവസായങ്ങളുടെ പ്രാദേശികവത്​കരണം, വിതരണ ശൃംഖലകളുടെ പ്രതിരോധ ശേഷി ശക്​തിപ്പെടുത്തൽ, ഉൽപാദനത്തിലും പ്രവർത്തനത്തിലും ആസൂത്രണത്തിലും നിർമിത ബുദ്ധി സാ​ങ്കേതിക വിദ്യകളുടെ ഉ​പയോഗം വേഗത്തിലാക്കൽ എന്നിവയാണ്​ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

ഭക്ഷ്യ സുരക്ഷ, അവശ്യവസ്തുക്കളുടെ നിർമാണം എന്നിവ പോലുള്ള ദേശീയ മുൻഗണനയുമായി ബന്ധപ്പെട്ടുള്ള പ്രധാന വ്യവസായങ്ങളെ പിന്തുണക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്​ ദേശീയ ഫണ്ട്​. പ്രാദേശിക ഉൽപാദന ശേഷി വർധിപ്പിക്കുക, പ്രധാന വ്യവസായ ഉൽപന്നങ്ങളുടെ കരുതൽ ശേഖരം കെട്ടിപ്പടുക്കുക, മുൻഗണനാ മേഖലകളിലുടനീളം മൂല്യ ശൃംഖലകൾ ശക്​തിപ്പെടുത്തുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. പ്രവചനങ്ങളുടെ കൃത്യമായ വിശകലനം, അപകട സാധ്യത നിയന്ത്രണം, പ്രവർത്തന കാര്യക്ഷമത എന്നിവയെ പിന്തുണക്കുന്നതിനൊപ്പം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളോട്​ കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നതിന്​ വ്യവസായ സ്ഥാപനങ്ങളെ നിർമിത ബുദ്ധി സാ​ങ്കേതിക വിദ്യകൾ സഹായിക്കും.

കൂടാതെ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകൾ, ചെറുകിട ഔട്ട്​ലറ്റുകൾ എന്നിവിടങ്ങളിലുടനീളം യു.എ.ഇ നിർമിത ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള നയത്തിനും ശൈഖ്​ മുഹമ്മദ്​ അംഗീകാരം നൽകി​. കുപ്പിവെള്ളം, പാലുൽപന്നങ്ങൾ, മുട്ട, കോഴി ഉൽപന്നങ്ങൾ, ബ്രഡ്​, മാവ്​, പ്രാദേശികമായുള്ള പാക്കേജ്​ഡ്​ സസ്യ എണ്ണകൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ പ്രാദേശികമായ ഉൽപാദനം വർധിപ്പിക്കുന്നതിനായിരിക്കും നയത്തി​ൽ ആദ്യ പരിഗണന. മെയ്ഡ്-ഇൻ-യു.എ.ഇ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക സ്ഥലം അനുവദിച്ചുകൊണ്ട്, പ്രധാന സ്ഥാപനങ്ങൾ, സ്വകാര്യമേഖല പങ്കാളികൾ, റീട്ടെയിലർമാർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ‘മെയ്ക്ക്​ ഇറ്റ്​ ഇൻ ദി എമിറേറ്റ്​സ്​ 2026’ പ്ലാറ്റ്​ഫോമിന്‍റെ അഞ്ചാമത്​ എഡിഷനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. 

Tags:    
News Summary - Support for industries; National fund of 100 crores approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.