ഷാർജ പൊലീസ് പിടിയിലായ ഓൺലൈൻ തട്ടിപ്പ് സംഘം
ഷാർജ: രാജ്യാന്തര തലത്തിൽ ശൃഖലകളുള്ള നാലംഗ ഓൺലൈൻ തട്ടിപ്പ് സംഘം ഷാർജ പൊലീസ് പിടിയിൽ. അറസ്റ്റിലായത് ആഫ്രിക്കൻ പൗരൻമാർ. പ്രതികളിൽ നിന്ന് 30 ലക്ഷം ദിർഹമും തട്ടിപ്പിന് ഉപയോഗിച്ച സിമ്മുകൾ, എ.ടി.എം കാർഡുകൾ, ബാങ്കിങ് രേഖകൾ എന്നിവയും പിടിച്ചെടുത്തു.
ആവർത്തിച്ചുള്ള തട്ടിപ്പ് രീതികൾ റിപോർട്ട് ചെയ്തതിന് പിന്നാലെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. വ്യാജ ഷിപ്പ്മെന്റുകൾ, ഹണി ട്രാപ്പ് തുടങ്ങിയ രീതികളിലൂടെയായിരുന്നു തട്ടിപ്പ്. വ്യക്തികളേയും ബിസിനസ് സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് സങ്കീർണമായ രീതികളാണ് ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഷിപ്പിങ്, ഇൻഷൂറൻസ് കമ്പനികളുടെ രൂപത്തിലാണ് ഓൺലൈൻ വഴി വ്യാജ ഷിപ്പ്മെന്റുകളിലൂടെ പണം തട്ടിയിരുന്നത്. ക്ലിയറൻസ് ആവശ്യമുള്ള ഷിപ്പ്മെന്റുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ടെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന സംഘം കസ്റ്റംസ് ഫീസ്, ഇൻഷൂറൻസ് ചാർജുകൾ പോലുള്ള വിവിധ കാരണങ്ങൾ പറഞ്ഞ് പണമടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ വിശ്വാസം നേടുന്നതിനായി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ചില ഷിപ്പിങ് ഇൻഷൂറൻസ് കമ്പനികളുടെ ഡാറ്റകൾ പ്രതികൾ ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇരയുമായി വൈകാരികമായ ബന്ധം സ്ഥാപിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളുടെ രൂപത്തിൽ ഇടപെടുകയും വിശ്വാസം നേടിയ ശേഷം അടിയന്തര സാഹചര്യങ്ങളുടെ പേരിൽ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന രീതിയും സംഘം പ്രയോഗിച്ചിരുന്നു.
സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുതെന്ന് ഡോ. ഖലീഫ ബല്‍ഹാജ് മുന്നറിയിപ്പ് നല്‍കി. പരിചയമില്ലാത്തവരുടെ ആവശ്യങ്ങള്‍ നിരാകരിക്കണം. ജാഗ്രത പുലര്‍ത്തിയാല്‍ തട്ടിപ്പുകളില്‍ നിന്നും സ്വയം രക്ഷനേടാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ഷാര്‍ജ പോലീസിന്റെ ഭാഗത്തുനിന്നും എല്ലാവിധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.