അബൂദബി: അഗ്നിശമന സേനാംഗങ്ങളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനൊപ്പം സുരക്ഷിതത്വം വർധിപ്പിക്കാനും സഹായകമായ റിമോട്ടിൽ പ്രവർത്തനം പൂർണമായും നിയന്ത്രിക്കാവുന്ന അഗ്നിശമന റോബോട്ട് ‘ലുഫ് 60’ അവതരിപ്പിച്ച് അബൂദബി അഗ്നിശമന സേന. അബൂദബി പൊലീസ് സിവിൽ ഡിഫൻസ് വിഭാഗം ലുഫ് 60 റോബോട്ടിെൻറ പ്രവർത്തന മികവ് പ്രായോഗികമായി പരീക്ഷിക്കുകയും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുകയും ചെയ്തു. തുരങ്കങ്ങൾ, അപാർട്മെൻറ് ബ്ലോക്കുകൾ, ബസ് സ്റ്റേഷനുകൾ, ക്ലോസ്ഡ് കാർപാർക്കുകൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലെ തീജ്വാലകളെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള നൂതന അഗ്നിശമന റോബോട്ടാണിത്.
ഇടുങ്ങിയ സ്ഥലത്തും പുക തിങ്ങിയ സ്ഥലത്തുമെല്ലാം റോബോട്ടിന് കടന്നുചെല്ലാനും തീയണക്കാനും കഴിയും. ഓസ്ട്രിയയിലാണ് ഈ റോബോട്ട് നിർമിച്ചത്. 140 കുതിരശക്തി ഡീസൽ എൻജിനാണ് വെള്ളം പമ്പുചെയ്യാനായി ഘടിപ്പിച്ചിരിക്കുന്നത്. 300 മീറ്റർ അകലെനിന്ന് റോബോട്ടിനെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാനാവും. രക്ഷാപ്രവർത്തകരുടെ സുരക്ഷിതത്വത്തിന് ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങളെ പരമാവധി കുറക്കാൻ ഇതു സഹായിക്കും. മിനിറ്റിൽ 2400 ലിറ്റർ വെള്ളം വരെ പമ്പ് ചെയ്യുന്നതോടെ വലിയ അഗ്നിബാധകൾ പോലും വളരെ വേഗം നേരിടാൻ ‘ലുഫ് 60’ന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.